ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിൽ മന്തിക്കട ഉടമ അറസ്റ്റിൽ
ആലപ്പുഴ: വിഷു ആശംസയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററിൽ ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വെച്ചതിനെത്തുടർന്ന് ഹോട്ടൽ ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. ചേർത്തലയിലെ 'മെഹർ മന്തി' എന്ന സ്ഥാപനത്തിന്റെ ഉടമ അർഷാദിനെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലിസ് പിടികൂടിയത്.
സംഭവം ഇങ്ങനെ:
വിഷു പ്രമാണിച്ചുള്ള പരസ്യത്തിനായി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ വിഷുക്കണിക്ക് പകരം കുഴിമന്തിയുടെ പാത്രം വെച്ചുകൊണ്ടുള്ള പോസ്റ്ററാണ് ഹോട്ടൽ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹൈന്ദവ സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വിശ്വാസികളുടെ ആചാരങ്ങളെയും മതചിഹ്നങ്ങളെയും മനഃപൂർവ്വം അവഹേളിക്കാൻ ശ്രമിച്ചു എന്നാണ് ഇവർ ആരോപിക്കുന്നത്.
ഉടമയുടെ വിശദീകരണം:
വിഷയം വിവാദമായതോടെ വിശദീകരണവുമായി ഹോട്ടൽ ഉടമ അർഷാദ് രംഗത്തെത്തി.പോസ്റ്റർ ഡിസൈൻ ചെയ്യാൻ പുറത്തുനിന്നുള്ള ഏജൻസിയെയാണ് ഏൽപ്പിച്ചത്.പോസ്റ്ററിൽ വന്ന ചിത്രം തന്റെ അറിവോടെയല്ല.വിവാദമായ പോസ്റ്റർ ഹോട്ടലിന്റെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ചിട്ടില്ല.പകരം സാധാരണ നിലയിലുള്ള മറ്റൊരു പോസ്റ്ററാണ് തയ്യാറാക്കിയത്.
തനിക്ക് തെറ്റുപറ്റിയതായും ആരുടെയെങ്കിലും മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും അർഷാദ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
പൊലിസ് നടപടി:
വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ നിർമ്മിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് ഐപിസി 295എ (മതവികാരം വ്രണപ്പെടുത്തൽ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അർഷാദിനെതിരെ കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ചേർത്തല പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."