നോയിഡയില്‍ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരെ കാണാനില്ലെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം
ന്യൂഡല്‍ഹി: നോയിഡയിലെ തൊഴില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരെ കാണാനില്ലെന്ന് പരാതി. ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നില്‍വെച്ചാണ് പ്രവര്‍ത്തകരെ കാണാതായതെന്നും, ഇവരെ യുപി പൊലിസ് അറസ്റ്റ് ചെയ്‌തെന്നും സിപിഎം ആരോപിച്ചു. സംഭവത്തില്‍ കലക്ടറുടെ വസതിക്ക് മുന്നില്‍ സിപിഎം പ്രതിഷേധിച്ചു.
നേരത്തെ തൊഴിലാളികളെ കാണാനെത്തിയ സിപിഎം നേതാക്കളെ ഉത്തര്‍പ്രദേശ് പൊലിസ് തടഞ്ഞിരുന്നു. ജനറല്‍ സെക്രട്ടറി എംഎ ബേബി, എഎ റഹീം എംപി എന്നിവരടങ്ങിയ സംഘത്തെയാണ് പൊലിസ് തടഞ്ഞത്. ഇതോടെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറെ കാണുന്നതിനായി ഗൗത് ബുദ്ധ് നഗറിലെ പൊലിസ് ക്യാമ്പിലെത്തിക്കുകയും ചെയ്തു. പൊളിറ്റ്ബ‍്യൂറോ അംഗങ്ങളായ അമ്രാറാം, ആർ. അരുൺകുമാർ, എംപിമാരായ വി. ശിവദാസൻ എന്നിവരും എം.എ. ബേബിക്കൊപ്പം ഉണ്ടായിരുന്നു.
ശമ്പള വർധനവ്, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, മറ്റു ആനുകൂല‍്യങ്ങൾ ഉറപ്പാക്കുക, സ്ത്രീ സുരക്ഷ എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് നോയിഡയിൽ തൊഴിലാളികൾ സമരത്തിനിറങ്ങിയത്. 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് മാസം 14,000 രൂപ വരെയായിരുന്നു പരമാവധി വേതനം ലഭിച്ചിരുന്നത്. അവശ്യ വസ്തുക്കളുടെ വർധനവ്, പാചക വാതക പ്രതിസന്ധി എന്നിവ തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഇതോടെയാണ് സർക്കാരിനെതിരെ ജനകീയ പ്രതിഷേധവുമായി 45000 ലധികം തൊഴിലാളികൾ തെരുവിലിറങ്ങിയത്. ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധനവ് വരുത്തിയിരുന്നു. അതേ രീതിയിൽ വർധനവ് ഉത്തർ പ്രദേശിലും വേണമെന്നാണ് സമരക്കാരുടെ ആവശ‍്യം. സമര പൊലിസിനെ ഉപയോഗിച്ച് അടിച്ചമർത്താനും, തൊഴിലാളികളുടെ മേൽ ഭീകരവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യാനുമാണ് യുപി സർക്കാർ ശ്രമിച്ചത്. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."