'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ
ബെംഗളൂരു: മകന് തന്റെ മുഖച്ഛായയില്ലെന്ന നാട്ടുകാരുടെ പരിഹാസത്തിൽ മനംനൊന്ത് ആറുവയസ്സുകാരനെ പിതാവ് നദിയിലെറിഞ്ഞ് കൊലപ്പെടുത്തി. കർണാടകയിലെ വിജയപുര ജില്ലയിലെ നാഗത്താന സ്വദേശി മല്ലികാർജുന അർകേരിയാണ് സ്വന്തം മകനെ മഹാരാഷ്ട്രയിലെ കൃഷ്ണ നദിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കർണാടക-മഹാരാഷ്ട്ര പൊലിസിന്റെ സംയുക്ത അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പരിഹാസം കൊലപാതകത്തിലേക്ക്
മല്ലികാർജുനയുടെ മകൻ അവനെപ്പോലെയല്ല ഇരിക്കുന്നത് എന്നും കുട്ടിയുടെ പിതൃത്വത്തിൽ സംശയമുണ്ടെന്നും ചില നാട്ടുകാർ സ്ഥിരമായി പരിഹസിക്കാറുണ്ടായിരുന്നു. ഈ വാക്കുകൾ മല്ലികാർജുനയുടെ മനസ്സിൽ കടുത്ത സംശയവും പകയും വളർത്തി. സ്വന്തം മകനെ ഇല്ലാതാക്കാൻ ഇയാൾ ആസൂത്രിതമായ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് വിജയപുര എസ്.പി ലക്ഷ്മൺ നിംബർഗി അറിയിച്ചു.
സിനിമയെ വെല്ലുന്ന ആസൂത്രണം
മാർച്ച് 16-നാണ് കൊലപാതകത്തിന് തുടക്കമിട്ട നീക്കങ്ങൾ നടന്നത്. മകനെ സിന്ദഗിയിലെ ഒരു കോച്ചിങ് സെന്ററിൽ ചേർക്കാൻ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് മല്ലികാർജുന വീട്ടിൽ നിന്നിറങ്ങി. എന്നാൽ കുട്ടിയെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള കാരാഡിന് സമീപമെത്തിച്ച് കൃഷ്ണ നദിയിലേക്ക് തള്ളിയിടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ ഇയാൾ യാതൊരു ഭാവമാറ്റവുമില്ലാതെയാണ് പെരുമാറിയത്. മകൻ കോച്ചിങ് സെന്ററിൽ സുരക്ഷിതനാണെന്ന് ഇയാൾ ഭാര്യ ഭാഗ്യശ്രീയെയും വീട്ടുകാരെയും വിശ്വപ്പിച്ചു.
പിടിക്കപ്പെട്ടത് ഇങ്ങനെ:
മകനോട് സംസാരിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടപ്പോൾ, മകൻ കളിക്കുകയാണെന്ന് ആരോ ഫോണിൽ പറഞ്ഞതായി ഇയാൾ അഭിനയിച്ചു.ഏപ്രിൽ ഒന്നിന് കുട്ടിയുടെ ജന്മദിനത്തിൽ മകനെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഭാര്യയെ നഗരം മുഴുവൻ ചുറ്റിച്ചെങ്കിലും കുട്ടിയെ കാണിച്ചില്ല.ഇതിനിടെ കൃഷ്ണ നദിയിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം മഹാരാഷ്ട്ര പൊലിസ് കണ്ടെത്തിയിരുന്നു. ഈ ചിത്രം കണ്ടതോടെയാണ് ഭാഗ്യശ്രീക്ക് സംശയം ബലപ്പെട്ടത്.
മകനെ മറന്നേക്കാൻ ഭീഷണി
സംശയം വർദ്ധിച്ചതോടെ മകനെ എന്നെന്നേക്കുമായി മറന്നേക്കാൻ മല്ലികാർജുന ഭാര്യയോട് ആക്രോശിച്ചു. ഇതോടെ ഭാഗ്യശ്രീ പൊലിസിൽ പരാതി നൽകി. മല്ലികാർജുനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തന്റെ ചോരയിൽ പിറന്ന മകനെ സംശയത്തിന്റെ പേരിൽ നദിയിലെറിഞ്ഞ വിവരം ഇയാൾ കുറ്റസമ്മതം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."