കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ
മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരിച്ചു. പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ പൂർത്തിയായ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ ആറേകാലോടെയാണ് ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ മലപ്പുറത്തേക്ക് പുറപ്പെട്ടത്.
ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കും. അധ്യാപകരും ജീവനക്കാരും സഹപ്രവർത്തകരും ഉൾപ്പെട്ട യാത്ര ദുരന്തമായതിന്റെ നടുക്കത്തിലാണ് പാങ്ങ് ഗ്രാമമൊന്നാകെ.
വിനോദയാത്ര ദുരന്തമായത് ഇങ്ങനെ
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും ഉൾപ്പെട്ട വിനോദയാത്രാ സംഘം സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 5.20-ഓടെ വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് വാൻ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പലവട്ടം മലക്കം മറിഞ്ഞ വാഹനം ഒൻപതാം വളവിലാണ് വന്നുനിന്നത്. ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാനിലുണ്ടായിരുന്നത്.
വിടപറഞ്ഞത് നാടിന്റെ പ്രിയപ്പെട്ടവർ
അപകടത്തിൽ മരിച്ച ഒൻപത് പേരും പാങ്ങ് പള്ളിപ്പറമ്പ് സ്കൂളുമായി അടുത്ത ബന്ധമുള്ളവരാണ്.പ്രധാനാധ്യാപിക പി. അജിത (54),അധ്യാപകരായ റംലത്ത് (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43),റുഖിയ (39 - അബ്ദുൽ മജീദിന്റെ ഭാര്യ), സാജിത (45 - പാചകത്തൊഴിലാളി), ഹിഷാം (12 - സുഹറയുടെ മകൻ), ഷക്കീന (37 - ജിയുപി സ്കൂൾ അധ്യാപിക).
കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് സഹായിയായാണ് ഭാര്യ റുഖിയ യാത്രയിൽ ഒപ്പം ചേർന്നത്. അടുത്തിടെ മറ്റൊരു സ്കൂളിലേക്ക് മാറിയെങ്കിലും ഷക്കീന പഴയ സഹപ്രവർത്തകർക്കൊപ്പം യാത്രയിൽ പങ്കുചേരുകയായിരുന്നു.
സംസ്കാരം ഇന്ന്
പൊതുദർശനത്തിന് ശേഷം വിവിധ മഹല്ലുകളിലായി സംസ്കാര ചടങ്ങുകൾ നടക്കും.മാട്ടാത്ത് മഹല്ല് അബ്ദുൽ മജീദ്, ഭാര്യ റുഖിയ.പാങ്ങ് ജുമാ മസ്ജിദ് റംല, സാജിത, ഷക്കീന.ഈസ്റ്റ് പാങ്ങ് മസ്ജിദ് സുഹറ, മകൻ ഹിഷാം.പി. അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോകും.
ചികിത്സയിൽ മൂന്നുപേർ; ഒരുകുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി
അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്കൂൾ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹദീൻ (11) എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.അതേസമയം, മരിച്ച ഷക്കീനയുടെ മകൾ മസ്‌നീൻ (11) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ നിലവിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടി ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."