13ാം വളവില്‍ തകര്‍ന്നടിഞ്ഞ ഉല്ലാസയാത്ര; അപകടത്തിൽ വാഹനം പൂർണമായും തകർന്നു
പെരിന്തല്‍മണ്ണ: പാങ്ങ് ചേണ്ടി ജി.എല്‍.പി.എസിലെ അധ്യാപകരും സുഹൃത്തുക്കളും അടങ്ങുന്ന വിനോദ സഞ്ചാരികളുടെ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സന്തോഷയാത്ര നാടിനെ നടുക്കിയ ദുരന്തമായി മാറിയത് വാല്‍പ്പാറ 13ാം വളവിൽ. മലമടക്കുകളില്‍ പൊലിഞ്ഞത് 9 ജീവനുകളും. സംഘത്തിൽ 13 പേരാണ് ഉണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട് 5.05 നാണ് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അതീവ ദാരുണമായ അപകടം സംഭവിച്ചത്.13ാം ഹെയര്‍ പിന്‍ വളവില്‍നിന്ന് നിയന്ത്രണംവിട്ട് തഴേക്ക് മറിഞ്ഞ ടെംപോ ട്രാവലര്‍ പൂർണമായും തകർന്ന് തരിപ്പണമായി.
ട്രാവലര്‍ അപകടത്തില്‍പെട്ട വിവരം പിന്നാലെ വന്ന കാറിലുള്ളവര്‍ ഉടനെ തന്നെ കോയമ്പത്തൂര്‍ മലയാളി സമാജം പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് മലയാളി സമാജം ഇടപെട്ട് 10 ആംബുലന്‍സും രക്ഷപ്രവര്‍ത്തനത്തിന് ക്രെയിനും അയച്ചു.
ക്രെയിന്‍ മൂന്നാം ഹെയര്‍പിന്‍ വളവില്‍ ഏറെനേരം കുടുങ്ങുകയും ചെയ്തു. റോഡിലെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും പരുക്കേറ്റവരേയും മരിച്ചവരേയും പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയതും.
വാള്‍പ്പാറയിലേക്കുള്ള റോഡില്‍ 40 ഹെയര്‍പിന്‍ വളവുകളാണുള്ളത്. ഇതില്‍ 13ാം വളവില്‍ എത്തിയപ്പോഴാണ് വാഹനം നിയന്ത്രണംവിട്ട് 800 മീറ്റർ താഴേക്ക് പതിച്ചത്.
അപകടം അറിയിച്ചത് പിന്നിലെ കാറിലുള്ളവര്‍
വാല്‍പ്പാറയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ ഒൻപത് പേര്‍ മരിച്ച സംഭവം ആദ്യം അധികൃതരെ വിളിച്ചറിയിച്ചത് സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍. ട്രാവലറിനു പിന്നിലായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത്. വൈകിട്ട് 5.05 ഓടെയായിരുന്ന അപകടം. 5.10ഓടെ വിവരം ലഭിച്ചയുടനെ പത്തോളം ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്കു തിരിച്ചു. 16ാം വളവില്‍ വച്ച് ട്രാവലറിലുണ്ടായിരുന്നവര്‍ ചായകുടിക്കുന്നതു കണ്ടവരുണ്ട്. തങ്ങളുടെ വാഹനം 14ാം നമ്പര്‍ വളവിലെത്തിയപ്പോഴാണ് താഴെനിന്ന് വാഹനം മറിയുന്ന ശബ്ദം കേള്‍ക്കുന്നതെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.
നോവായി യാത്രാസംഘമെടുത്ത ചിത്രം
അവധിക്കാലത്തെ ഉല്ലാസയാത്രയുടെ മനോഹാരിതയില്‍ അതിരപ്പള്ളിയില്‍ സഹപ്രവര്‍ത്തര്‍ പകര്‍ത്തിയ ചിത്രം ഒരുനാടിന്റെ നൊമ്പരമായി മാറി. യാത്ര തുടങ്ങുമ്പോള്‍ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റ മുകളില്‍ നിന്നാണ് സഹപ്രവര്‍ത്തരായ അധ്യാപികമാര്‍ ഒരുമിച്ചുനിന്ന് ഫോട്ടോയെടുത്തത്. ഒഴിവുകാലത്തെ യാത്രയുടെ ഓര്‍മകള്‍ക്കായി കരുതിവച്ച ആ ചിത്രം കാണുന്നവരുടെ കരളലിയിപ്പിച്ചു. പാങ്ങ് പള്ളിപ്പറമ്പ് എല്‍.പി സ്‌കൂളിലെ സഹധ്യാപകരും അവരുടെ പ്രിയപ്പെട്ടവരുമാണ് സംഘത്തിലുണ്ടായിരുന്നത്. അധ്യാപികമാരില്‍ അഞ്ചുപേരും പാചകത്തൊഴിലാളിയും അപകടത്തില്‍ മരിച്ചു. എല്‍.പി സ്‌കൂളിലെ അധ്യാപികമാരില്‍ ഒരാള്‍ മാത്രമാണ് യാത്രയില്‍ പോവാതിരുന്നത്. ഇവരും കെ.ജിയിലെ രണ്ടുഅധ്യാപികമാരും സ്‌കൂളിലെ പ്യൂണുമുള്‍പ്പെടെ നാലുപേരാണ് നടുക്കുന്ന ഓര്‍മകളോടെ ഇവിടെയുള്ളത്.
പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി
വാൽപ്പാറ അപകടത്തിൽ പരുക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും.
വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനപകടം ഏറെ ദുഃഖകരമാണ്. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."