മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു
കോഴിക്കോട്: മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കുന്നതിന് തൊട്ട്മുമ്പ് സുഹൃത്തിനോട് ആശയവിനിമയം നടത്തിയതായി കണ്ടെത്തൽ. കൊല്ലപ്പെട്ട നസ്രീനയുടെ ഫോൺ ഉപയോഗിച്ചാണ് ബന്ധുവായ അദിനാൻ സുഹൃത്തിനോട് ചാറ്റ് ചെയ്തതെന്നാണ് പൊലിസ് കണ്ടെത്തൽ. ഈ മാസം 10ന് അദിനാൻ സുഹൃത്തിന്റെ ബൈക്ക് വാടകക്കെടുത്തിരുന്നു. തുടർന്ന് സുഹൃത്തിന് പണം നൽകാനുണ്ടായിരുന്നു. ഈ തുക സംബന്ധിച്ചാണ് സുഹൃത്തുമായി നസ്രീനയുടെ ഫോണിലൂടെ ചാറ്റ് ചെയ്തത്.
അദിനാൻ മരിച്ച ദിവസം പുലർച്ചെ 1.45 നായിരുന്നു ഓൺലൈനിലുള്ള സുഹൃത്തിന്റെ ഫോണിലേക്ക് നസ്രീനയുടെ ഫോണിൽനിന്ന് സന്ദേശമെത്തിയത്. അദിനാന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയാണ് ചാറ്റ് ആരംഭിച്ചത്. അദിനാൻ ആത്മഹത്യ ചെയ്തുവെന്നും പണം നൽകാൻ ഇനി കഴിയില്ലെന്നും വ്യക്തമാക്കിയായിരുന്നു ചാറ്റ്. എങ്ങനെയാണ് പണം നൽകാനുള്ള വിവരം അറിഞ്ഞതെന്ന് ചാറ്റിലൂടെ സുഹൃത്ത് തിരിച്ച് ചോദിപ്പോൾ ആത്മഹത്യാകുറിപ്പിലുണ്ടെന്നായിരുന്നു മറുപടി. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ മുൻകൂട്ടി കണക്കാക്കിയായിരുന്നു അദിനാൻ വീട്ടിലെത്തിയതെന്നും പൊലിസ് സംശയിക്കുന്നുണ്ട്.
സ്വാഭാവ ദൂഷ്യം കാരണം അദിനാനെ ബന്ധുക്കൾ നേരത്തെ മർദിച്ചിരുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഫോൺ നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ഫോൺ ബന്ധുക്കൾ തന്നെ റിപ്പയർ ചെയ്ത് നൽകി. ഈ ഫോണുമായാണ് അദിനാൻ വീട്ടിലെത്തിയത്. ചേവായൂർ ഇൻസ്പക്ടർ ടി. മഹേഷാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം മൊബൈൽ ഫോണുകൾ നശിപ്പിച്ചവരെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. നസ്രീനയുടെയും അദിനാന്റെയും മൂന്ന് ഫോണുകളാണ് വീട്ടിലെ കിണറ്റിൽനിന്ന് കഴിഞ്ഞദിവസം പൊലിസ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."