നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ്
തെഹ്‌റാന്‍: നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടുമെന്ന് യു.എസിന് ഇറാന്റെ മുന്നറിയിപ്പ്.
ഇറാന് മേലുള്ള നാവിക ഉപരോധം തുടരാനാണ് തീരുമാനമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കുന്നു. ഹോര്‍മുസ് തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഉപരോധം ശക്തമായി തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇറാന്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാന്റെ അനുമതിയോടെയും നിശ്ചയിക്കപ്പെട്ട പാതയിലൂടെയും മാത്രമേ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം അനുവദിക്കൂ എന്നും ഖാലിബാഫ് തന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഇനി ഉപരോധം തുടരാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ കടലിടുക്ക് തുറന്നിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചെങ്കിലും യു.എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായി സമാധാന കരാറിലെത്തുംവരെ ഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നയം. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും, മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം നിലനില്‍ക്കൂ എന്നുമാണ് ട്രംപ് പ്രതികരിച്ചത്.
എന്നാല്‍ ഹോര്‍മുസ് തുറന്നിട്ടും യുഎസ് നാവിക ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. ഹോര്‍മുസ് വഴി സൈനിക കപ്പലുകള്‍ക്ക് അനുമതി നല്‍കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
യുദ്ധംവിതച്ച് ലാഭം കൊയ്ത് യു.എസ്
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. അമേരിക്കയിലെ എണ്ണ ഉല്‍പാദനം നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്.
രാജ്യത്തിന് ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാനും ബാക്കി എണ്ണ കയറ്റുമതി ചെയ്യാനും ഇത് അമേരിക്കയ്ക്ക് കരുത്താകുമെന്നാണ് റിപ്പോര്‍ട്ട്. ടെക്സാസിലെ പേര്‍മിയന്‍ ബേസിന്‍ മേഖലയിലടക്കം എണ്ണ ഉല്‍പാദനം ഉയര്‍ന്നു.
ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ യു.എസ് എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചത് അമേരിക്കയ്ക്ക് സാമ്പത്തികമായി ഇരട്ടി നേട്ടമുണ്ടാക്കി. നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങുന്നത്.
യു.എസ് വിമാനവാഹിനി കപ്പലുകളില്‍ മതിയായ ഭക്ഷണമില്ല; 'ഉപരോധത്തില്‍' ആയത് സൈനികര്‍
വാഷിങ്ടണ്‍: ഇറാനു സമീപം നങ്കൂരമിട്ടിരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകളിലെ ജീവനക്കാര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ കാര്യമായി ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട്. യു.എസ്.എസ് ട്രിപ്പോളിയില്‍ ജോലി ചെയ്യുന്ന വനിത അയച്ച ഫോട്ടോ ഒരു കുടുംബം യു.എസ്.എ ടുഡെയിലൂടെ പുറത്തുവിട്ടു. ടോര്‍ട്ടിലയും മീറ്റും മാത്രമുള്ള പ്ലേറ്റിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പ്ലേറ്റിലെ ബാക്കിയുള്ള അറകള്‍ ശൂന്യമാണെന്നും ചിത്രത്തില്‍നിന്നു വ്യക്തമാണ്.
യു.എസ്.എസ് എബ്രഹാം ലിങ്കണില്‍ ജോലി ചെയ്യുന്നൊരാളുടെ പ്ലേറ്റിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഡ്രൈ മീറ്റ് പാറ്റിയും വേവിച്ച കാരറ്റും പ്രോസസ്ഡ് മീറ്റ് സ്ലാബും മാത്രമാണ് കാണാനാകുന്നത്. ഭക്ഷണം കുറവാണ് കിട്ടുന്നതെന്ന് കുടുംബാംഗങ്ങളോട് ഇവര്‍ പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍. വളരെ കുറച്ചാണ് കിട്ടുന്നതെന്നും എല്ലാവരും ഒരുപോലെ പങ്കുവച്ചാണ് കഴിക്കുന്നതെന്നും ഇവര്‍ കുടുംബത്തെ അറിയിച്ചു. സൈനികരുടെ മനോവീര്യം താഴ്ന്ന നിലയിലാണെന്നും ഇവര്‍ പറയുന്നു.
ഇറാനെതിരേ യുദ്ധത്തില്‍ പങ്കെടുക്കാനാണ് യു.എസ്.എസ് ട്രിപ്പോളി, എബ്രഹാം ലിങ്കണ്‍ എന്നീ വിമാനവാഹിനി കപ്പലുകള്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. നാവികരും മറീനുകളുമായി 3,500ല്‍പരം പേര്‍ ഈ യുദ്ധക്കപ്പലുകളില്‍ ഉണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. ഇറാന്റെ തുറമുഖങ്ങളില്‍നിന്നു വരുന്ന കപ്പലുകളെ ഉപരോധിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
iran has warned it may close the strait of hormuz if the us continues naval blockade measures. Escalates tensions after statements by donald trump on sanctions and maritime control.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."