'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്
Web Desk
April 18, 2026 | 12:32 PM
ന്യൂഡല്‍ഹി: വനിത സംവരണം ഉള്‍പ്പെട്ട മണ്ഡലപുനര്‍നിര്‍ണയ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്. രാഹുലും സംഘവും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്. ഹേമമാലിനി, രേഖ ഗുപ്ത, ബാന്‍സുരി സ്വരാജ് അടക്കമുള്ള ബിജെപി നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്ക് അനുകൂലമായുള്ള ബില്‍ പരാജയപ്പെട്ടതില്‍ പ്രതിപക്ഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍വെച്ച് മാര്‍ച്ച് പൊലിസ് തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു. കറുത്ത ബാഡ്ജുകളും, കറുത്ത കൊടികളുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
അതേസമയം വനിതാ സംവരണ ബിൽ പാസാക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. ബില്ലിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രതിഷേധിക്കാനാണ് ബിജെപി നീക്കം. എന്നാൽ കേന്ദ്രത്തിന്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് വരാനിരിക്കുന്ന വലിയ പോരാട്ടങ്ങളുടെ തുടക്കമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസ് മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്.
ബില്ലിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ ഇന്നും എൻഡിഎ എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും.ബജറ്റ് സമ്മേളനത്തിന് സമാപ്തി കുറിച്ച് ലോക്സഭയും രാജ്യസഭയും ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. പ്രത്യേക സിറ്റിംഗിന്റെ രണ്ടാം ദിനമായ ഇന്നലെ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടു. ഇതോടെ രാജ്യസഭയിൽ ബിൽ പരിഗണിക്കേണ്ട സാഹചര്യം ഒഴിവായി. രാവിലെ 11 മണിക്ക് സഭകൾ പിരിഞ്ഞ ശേഷം പാർലമെന്റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ യോഗം ചർച്ച ചെയ്യും.
വനിതാ സംവരണ ബിൽ ചർച്ച ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് ആണ് വിളിച്ചുചേർത്തിരുന്നത്. എന്നാൽ വോട്ടെടുപ്പിൽ ബിൽ പരാജയപ്പെട്ടത് സർക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയായിരിക്കുകയാണ്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാന ആയുധമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
following the failure of the women’s reservation–linked delimitation bill in the Lok Sabha, members of the Mahila Morcha staged a protest march to the residence of opposition leader Rahul Gandhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."