വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍
കോഴിക്കോട്: മുണ്ടക്കൈ പുനരധിവാസ പദ്ധതിയിലെ വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ഊരാളുങ്കല്‍. സ്ട്രക്ച്ചറലി ഡാമേജ് ആവുന്നതാണ് വിള്ളല്‍ എന്ന് പറയുന്നത്. ഒരു മില്ലീമീറ്ററില്‍ താഴെയുള്ള ചെറിയ ക്രാക്കുകളാണ് ഇപ്പോള്‍ കണ്ടതെന്നും, ഇത് കോണ്‍ക്രീറ്റില്‍ സാധാരണയായി സംഭവിക്കുന്നതാണെന്നും ഊരാളുങ്കല്‍ സിഇഒ അരുണ്‍ ബാബു പറഞ്ഞു.
എല്ലാ വീടുകളിലും പോണ്ടിങ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. സ്ലാബ് ചെയ്ത ശേഷം വെള്ളം കെട്ടിനിര്‍ത്തി നോക്കുന്നതാണ് പോണ്ടിങ്. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ അപ്പോക്‌സി ചെയ്ത ശേഷമാണ് നിര്‍മാണം മുന്നോട്ട് കൊണ്ടുപോയത്. ചെറിയ ഗ്യാപ്പുകളില്‍ കോണ്‍ക്രീറ്റ് ചെന്നില്ലെങ്കില്‍ സംഭവിക്കുന്ന ചെറിയ ക്രാക്കുകളാണ് ഇപ്പോള്‍ കണ്ടത്. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ എല്ലായിടത്തും വൈബ്രേറ്റര്‍ ചെന്നില്ലെങ്കില്‍ ഉണ്ടാവുന്ന ചെറിയ പ്രശ്‌നമാണിത്. വാട്ടര്‍ പ്രൂഫിങ് പോലുള്ള കാര്യങ്ങള്‍ ചെയ്താണ് ഈ പ്രശ്‌നം പരിഹരിക്കുകയെന്നും അരുണ്‍ ബാബു പറഞ്ഞു.
അതേസമയം മന്ത്രി കെ രാജനെതിരെ വയനാട് ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫൽ രംഗത്തെത്തി. മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും വിള്ളൽ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫൽ പറയുന്നു. വീടിന് വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി രാജൻ മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. വിള്ളൽ വന്ന ഭാഗം തൊട്ടില്ല. എല്ലാവരും ചോറ് തന്നെയല്ലേ കഴിക്കുന്നത്? മന്ത്രിക്ക് കിളി പോയതുപോലെയാണ് തോന്നിയത്. മേൽക്കൂരയിൽ നോക്കിയാൽ വിള്ളൽ കൃത്യമായി മനസ്സിലാകും. മന്ത്രി വീട് ഉടമസ്ഥനായ തന്നോട് ഒന്നും ചോദിച്ചതുമില്ല. വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും നൗഫൽ പറഞ്ഞു.
ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ ഇല്ലെന്നും വെള്ളം കിനിഞ്ഞിറങ്ങുക മാത്രമാണ് ഉണ്ടായതെന്നുമുള്ള വിചിത്ര വാദമാണ് മന്ത്രി പറഞ്ഞത്. വിള്ളൽ വീണ ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് മായിക്കാൻ ശ്രമിച്ച മന്ത്രിയുടെ നടപടി വിവാദമാകുകയും ചെയ്തു. ഇതിനിടെ ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ച കണ്ടെത്തിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് ടൗൺഷിപ്പിലെ വീടുകൾ സന്ദർശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."