ഹജ്ജിനൊരുങ്ങി, വിനോദയാത്ര പോയില്ല...; സഹപ്രവർത്തകരുടെ വേർപാടിൽ ഹൃദയം തകർന്ന് ഹസ്‌നത്ത് ടീച്ചർ
പാങ്ങ് (മലപ്പുറം): ഇനിയെങ്ങനെ ഞങ്ങൾ സ്‌കൂളിൽ പോകും? കുടുംബം ഒന്നാകെ വിടപറഞ്ഞില്ലെ... ഒന്നിച്ചൊരു കുടുംബം പോലെ കഴിഞ്ഞിരുന്ന സഹപ്രവർത്തകരുടെ ചേതനയറ്റ ശരീരങ്ങൾ വെള്ളപുതച്ച് സ്‌കൂൾ മുറ്റത്ത് പൊതുദർശനത്തിന് വച്ചപ്പോൾ വരാന്തയിൽ നിറകണ്ണുകളുമായി ഇരിക്കുന്നുണ്ടായിരുന്നു ഹസ്നത്ത് ടീച്ചർ. കണ്ണീരിൽ മുങ്ങിയ ആ ദൃശ്യം, ആരുടെയും ഹൃദയം കീറിയെടുക്കുന്നതായിരുന്നു.
ഹജ്ജ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ കാരണമാണ് വിനോദയാത്രയിൽ നിന്ന് ഹസ്‌നത്ത് ടീച്ചർക്ക് ഒഴിവാകേണ്ടി വന്നത്. വാൽപ്പാറയിലേക്കുള്ള ആ യാത്രയിലേക്ക് തന്നേയും നിർബന്ധപൂർവം വിളിച്ചതാണ്. ഹജ്ജ് യാത്രക്ക് മുന്നോടിയായി ബന്ധുക്കളെയും മറ്റും സന്ദർശിക്കാനുള്ളതിനാൽ സ്നേഹപൂർവം നിരസിച്ചു. ഹൃദയം പിളരുന്ന വേദനയോടെയാണ് ടീച്ചർ സഹപ്രവർത്തകരെ ഓർത്തെടുക്കുന്നത്.
പാങ്ങ് ഗവ. എൽ.പി സ്‌കൂളിലെ അധ്യാപകരായ ഞങ്ങൾ സഹപ്രവർത്തകർ മാത്രമല്ല, ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്. ഒരു നിമിഷം കൊണ്ട് എല്ലാം ഓർമകളായി മാറിയെന്ന സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒമ്പത് വർഷമായി ആ സ്‌കൂളിൽ അധ്യാപികയാണ് ഞാൻ, അവിടെ ഒരു തൊഴിലിടം മാത്രമായിരുന്നില്ല. അത് ബന്ധങ്ങളുടെ ഒരു ലോകമായിരുന്നു. സഹപ്രവർത്തകർ എല്ലാവരും സുഹൃത്തുക്കളായി, കുടുംബാംഗങ്ങളായി മാറിയിരുന്നു. ഓർമകൾ പങ്കുവയ്ക്കുമ്പോൾ ഹസ്‌നത്ത് ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."