വൈദ്യുതി ഉപയോഗത്തിലും പീക്ക് ലോഡ് ഡിമാൻഡിലും റെക്കോഡ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തൊടുപുഴ: സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാൻഡും പ്രതിദിന വൈദ്യുതി ഉപയോഗവും വീണ്ടും റെക്കോഡ് തിരുത്തി. വെള്ളിയാഴ്ച രാത്രി പീക്ക് ലോഡ് ഡിമാൻഡ് 6013 മെഗാവാട്ട് രേഖപ്പെടുത്തിയപ്പോൾ പ്രതിദിന വൈദ്യുതി ഉപയോഗം 116.112 ദശലക്ഷം യൂനിറ്റ് രേഖപ്പെടുത്തി. ഇതു രണ്ടും സർവകാല റെക്കോഡാണ്. കഴിഞ്ഞ 14 ലെ 6012 മെഗാവാട്ട് എന്ന റെക്കോഡാണ് 17 ന് തിരുത്തിയത്.
2024 മെയ് 3ലെ 115.948 ദശലക്ഷം യൂനിറ്റ് എന്ന പ്രതിദിന ഉപയോഗ റെക്കോഡും തിരുത്തി. പരമാവധി 6300 മെഗാവാട്ട് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണ് പ്രസരണ ശൃംഖലക്കുള്ളത്.
പീക്ക് ലോഡ് വൈദ്യുതി ആവശ്യം ഈ പരിധി കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ. വൈദ്യുതി ബോർഡ് സി.എം.ഡി യുടെ അധ്യക്ഷതയിൽ 17ന് ചേർന്ന് പവർ പൊസിഷൻ റിവ്യൂ മീറ്റിങ്ങിൽ ഇതുസംബന്ധിച്ച് ചർച്ച നടത്തി.
പീക്ക് ലോഡ് 6000 മെഗാവാട്ടിനു മുകളിലെത്തിയപ്പോൾ തന്നെ സംസ്ഥാനത്ത് പലയിടത്തും ട്രാൻസ്‌ഫോമറുകൾ തകരാറിലാകുന്ന സാഹചര്യമുണ്ടായി. വടക്കൻ കേരളത്തിലാണ് തകരാർ കൂടുതൽ സംഭവിച്ചത്. സോളാർ പ്ലാന്റുള്ള സ്ഥലങ്ങളിലാണ് ട്രാൻസ്‌ഫോമറുകൾ കൂടുതൽ തകരാറിലായതെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുന്നു. വലിയതോതിലുള്ള ലോഡ് വ്യതിയാനം ഉണ്ടാകുന്നതിനാൽ ട്രാൻസ്‌ഫോമറുകളുടെ ഘടന മാറ്റേണ്ടതുണ്ടെന്നും പറയുന്നു. പരമാവധി അരമണിക്കൂർ വരെ ഫീഡർ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്ന നിയന്ത്രണമാണ് ആലോചിക്കുന്നത്.
പകൽ ഉയർന്നതോതിൽ സോളാർ വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ടെങ്കിലും ഇതു സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ രാത്രിയിലെ ഉയർന്ന ആവശ്യകതയുള്ള വൈദ്യുതി സമയത്ത് ലഭിക്കുന്നില്ല. താപനില ഈ നിലയിൽ തുടർന്നാൽ പീക്ക് ലോഡ് ഡിമാൻഡും പ്രതിദിന വൈദ്യുതി ഉപയോഗവും ഇനിയും ഉയരും.
അതിനിടെ, സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനം ഉയർത്തി. 27.6648 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉൽപാദനം. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർഹൗസിൽ മാത്രം 11.59 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ഇന്നലെ ഉപയോഗിച്ച 116.1126 ദശലക്ഷം യൂനിറ്റിൽ 88.4478 ദശലക്ഷം യൂനിറ്റും പുറത്തു നിന്നും എത്തിച്ചതാണ്. 1444.127 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് നിലവിൽ എല്ലാ സംഭരണികളിലുമായി ഉള്ളത്. ഇത് സംഭരണശേഷിയുടെ 35 ശതമാനമാണ്. കഴിഞ്ഞ നാലുവർഷത്തെ ഈ സീസണിലെ കുറഞ്ഞ ജലനിരപ്പാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."