ലോൺ ആപ്പ് കെണി: കേരളത്തിൽ നിന്ന് തട്ടിയത് 70 കോടി; അഞ്ചിലൊരാൾ സ്ത്രീ, മലപ്പുറത്ത് പരാതി പ്രവാഹം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പ് മാഫിയകളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വായ്പാ ആപ്പ് സംഘങ്ങൾ കേരളത്തിൽ നിന്ന് മാത്രം തട്ടിയെടുത്തത് 70 കോടി രൂപയാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിലും ഇത്തരം ആപ്പുകളുടെ ഭീഷണിയുണ്ടെന്ന പൊലിസ് നിഗമനത്തിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
ഇരകളിൽ എറ്റവും വലിയോരു വിഭാഗം വീട്ടമ്മമാരാണ്.തട്ടിപ്പിന് ഇരയാകുന്നവരിൽ അഞ്ചിൽ ഒരാൾ സ്ത്രീകളാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്.സൈബർ വിഭാഗത്തെ സമീപിക്കുന്നവരിൽ വെറും 20 ശതമാനം പേർ മാത്രമാണ് കേസ് നൽകാൻ തയ്യാറാകുന്നത്. മാനഹാനി ഭയന്ന് ഭൂരിഭാഗം പേരും പിന്മാറുകയാണ്.തട്ടിപ്പിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നത് ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ്.ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് പണമിടപാടുകൾ പ്രധാനമായും നടക്കുന്നത്.
മാനം പണയം വെച്ചുള്ള കടമെടുപ്പ്; ജാഗ്രത വേണമെന്ന് എഡിജിപി
എളുപ്പത്തിൽ പണം ലഭിക്കുമെന്ന വ്യാജേന എത്തുന്ന ആപ്പുകൾ ഉപഭോക്താക്കളുടെ സ്വകാര്യതയും മാനവും ഈട് വെച്ചാണ് ലോൺ നൽകുന്നതെന്ന് സൈബർ ഓപ്പറേഷൻ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
"പത്തിരട്ടിയും പതിനഞ്ചിരട്ടിയും പലിശയാണ് ഇവർ ആവശ്യപ്പെടുന്നത്. തിരിച്ചടവ് മുടങ്ങിയാൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചും കോൺടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ചും മാനം കെടുത്തുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം. നിയമവിരുദ്ധമായ എപികെ (APK) ഫയലുകൾ വഴിയാണ് പല ആപ്പുകളും പ്രവർത്തിക്കുന്നത്." എന്ന് ADGP എസ്. ശ്രീജിത്ത് പറഞ്ഞു
ആർബിഐ അംഗീകാരമുള്ള ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മാത്രമേ വായ്പ എടുക്കാവൂ എന്നും, അനാവശ്യ ഓഫറുകളിൽ വീഴരുതെന്നും പൊലിസ് മുന്നറിയിപ്പ് നൽകുന്നു. നൂറുകണക്കിന് ആപ്പുകൾക്കെതിരെ നടപടിയെടുത്തിട്ടും പുതിയ പേരുകളിൽ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."