സിഎസ്‌കെയ്ക്ക് ഇടിത്തീ; വെടിക്കെട്ട് താരം ആയുഷ് മാത്രെക്ക് ഗുരുതര പരിക്ക്, സീസൺ നഷ്ടമായേക്കും
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു കനത്ത തിരിച്ചടി കൂടി. ബാറ്റിംഗിൽ മിന്നും ഫോമിലുള്ള യുവതാരം ആയുഷ് മാത്രെ ഗുരുതരമായ പരിക്കിനെത്തുടർന്ന് പുറത്തായി. താരത്തിന് ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് സഹതാരങ്ങളുടെ തോളിലേറി
ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാത്രെയുടെ തുടയിലെ പേശിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു (Hamstring injury). വേദന വകവെക്കാതെ ബാറ്റിംഗ് തുടരാൻ ശ്രമിച്ച താരം തൊട്ടടുത്ത ഓവറിൽ പുറത്തായി. എന്നാൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന മാത്രെയെ സഹതാരങ്ങളും ഫിസിയോയും ചേർന്ന് തോളിലേറ്റിയാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്.
കോച്ച് മൈക്ക് ഹസി പറയുന്നത്:
മാത്രെയുടെ പരിക്ക് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണെന്ന് ബാറ്റിംഗ് കോച്ച് മൈക്ക് ഹസി വ്യക്തമാക്കി."നിലവിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. സ്കാനിംഗ് റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ വ്യക്തത വരൂ. മികച്ച ഫോമിലുള്ള ഒരു യുവതാരത്തെ നഷ്ടപ്പെടുന്നത് ടീമിന് വലിയ തിരിച്ചടിയാണെന്ന്."മൈക്ക് ഹസി പറഞ്ഞു.
പരിക്കുകളുടെ 'കണ്ടകശനി'യിൽ ചെന്നൈ
ഈ സീസണിൽ പരിക്കുകൾ ചെന്നൈയെ വേട്ടയാടുകയാണ്. സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ഓസീസ് പേസർ നാഥൻ എല്ലിസിനെയും, ടൂർണമെന്റിനിടെ ഇന്ത്യയുടെ ഖലീൽ അഹമ്മദിനെയും സിഎസ്‌കെയ്ക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വൺഡൗണിൽ മികച്ച ഇന്നിംഗ്സ് നൽകുന്ന മാത്രെയും പുറത്താകുന്നത്. മാത്രെക്ക് പകരം വരും മത്സരങ്ങളിൽ ഊർവിൽ പട്ടേൽ വൺഡൗണിൽ എത്തിയേക്കും.
പോയിന്റ് പട്ടികയിൽ പിന്നോട്ട്
ഹൈദരാബാദിനോട് 10 റൺസിന് പരാജയപ്പെട്ടതോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ മോശം ഫോമും ടീമിന് തലവേദനയാകുന്നുണ്ട്. ആറ് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റ് മാത്രമാണ് നിലവിൽ മുൻ ചാമ്പ്യന്മാരുടെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."