അജ്മീറിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: രണ്ട് പേർ മരിച്ചു; 31 പേർക്ക് പരുക്ക്
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. പുഷ്കർ ഘാട്ടി മേഖലയിലാണ് അപകടം സംഭവിച്ചത്. 31 പേർക്ക് പരുക്കേറ്റു. പൂജ (28), വിമല ദേവി (50) എന്നിവരാണ് മരിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചു.
അജ്മീറിൽ നിന്ന് പുഷ്കറിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സഞ്ജീസറിന് സമീപം വെച്ച് ബസ്സിന്റെ നിയന്ത്രണം നഷ്ടമാവുകയും പ്രധാന പാതയിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു. വീഴ്ചയ്ക്കിടെ ബസ് മരങ്ങളിലും കാട്ടുപൊന്തകളിലും തങ്ങിനിന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കൊക്കയിലേക്ക് ഇറങ്ങാൻ വടങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ തങ്ങളുടെ വസ്ത്രങ്ങൾ പരസ്പരം കൂട്ടിക്കെട്ടി വടമുണ്ടാക്കി താഴേക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. പരുക്കേറ്റവരെ ഓരോരുത്തരെയായി ഇത്തരത്തിൽ മുകളിലെത്തിച്ചു. പിന്നീട് എസ്.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ്, പൊലിസ് സംഘങ്ങൾ സ്ഥലത്തെത്തി പൂർണ്ണമായ രക്ഷാപ്രവർത്തനം നടത്തി.
പരുക്കേറ്റവരെ ആദ്യം പുഷ്കറിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അജ്മീറിലെ ജവഹർലാൽ നെഹ്‌റു ആശുപത്രിയിലേക്കും മാറ്റി. അപകടത്തെത്തുടർന്ന് പുഷ്കർ ഘാട്ടി മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പൊലിസ് ഇടപെട്ടാണ് ഗതാഗത കുരുക്ക് പരിഹരിച്ചത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A tragic bus accident in Rajasthan's Ajmer claimed the lives of two women and left 31 others injured when their vehicle skidded off the road and plunged into a gorge at Pushkar Ghat. The group was traveling from Ajmer to attend a ceremony in Pushkar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."