സൗമ്യ വധക്കേസില്‍ പുനഃപരിശോധന ഹരജി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധക്കേസ് റദ്ദാക്കിയ സുപ്രിം കോടതി വിധിക്കെതിരേ പുനഃപരിശോധന ഹരജി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി കേരള ജനതയെ ഞെട്ടിക്കുന്നതാണ്. സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വിചാരണക്കോടതിയും ഹൈക്കോടതിയും കേസിന്റെ എല്ലാ വശങ്ങളും സൂക്ഷമമായി പരിശോധിച്ചാണ് വിധി പറഞ്ഞത്. ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതെല്ലാം തെളിവായി സ്വീകരിക്കപ്പെടുകയും കുറ്റകൃത്യം തെളിവായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍, സുപ്രിം കോടതിയുടെ വിധി പ്രസ്താവം അവിശ്വസിക്കും വിധമുള്ളതാണ്. ഇത് ഒരു ശിക്ഷയേ ആകുന്നില്ല. സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ വിഷമമുള്ളതും മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതാണ് വിധിയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...
സൗമ്യ കൊലക്കേസിലെ സുപ്രീംകോടതിയുടെ വിധി മനഃസാക്ഷി ഉള്ളവരെയാകെ ഞെട്ടിക്കുന്നതാണ്.
ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ ഈ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കും. ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ഉറപ്പാക്കുകയും ചെയ്യും.
വിചാരണക്കോടതിയും ഹൈക്കോടതിയും കേസിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് വിധി പറഞ്ഞത്. ഫോറന്‍സിക് തെളിവുകള്‍ അടക്കം നിരവധി കാര്യങ്ങള്‍ ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം തെളിയിക്കുന്ന തരത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കൈനഖങ്ങള്‍ക്കിടയിലെ ശരീരാംശങ്ങള്‍ അടക്കം കൃത്യമായ തെളിവായി സ്ഥിരീകരിക്കപ്പെട്ടതും ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടതുമാണ്. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍, സുപ്രീംകോടതി ഇപ്പോള്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം വിചാരണക്കോടതിയിലടക്കം തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങളെ അവിശ്വസിക്കുംവിധമുള്ളതാണ്. ഇത് ഒരു ശിക്ഷയേ ആകുന്നില്ല. സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ വിഷമമുള്ളതും മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതുമാണ് ഈ വിധി.
സൗമ്യയ്ക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരമായ ദുരന്തത്തിന് നിരക്കുന്നതല്ല ഈ ശിക്ഷാവിധി എന്ന സൗമ്യയുടെ അമ്മയുടെയും സമൂഹത്തിന്റെയാകെയും ചിന്ത ന്യായയുക്തമാണ്. ആ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ റിവ്യൂ പെറ്റീഷനുമായി സമീപിക്കും. സൗമ്യയുടെ അമ്മയെ സാന്ത്വനിപ്പിക്കാനും അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു എന്ന് ഉറപ്പുനല്‍കാനും എല്ലാ ശ്രമങ്ങളും നടത്തും. അതിനായി ആ അമ്മയെ കാണും. സൗമ്യയുടെ ഓര്‍മ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ടി പഴുതടച്ച് എല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ചെയ്യുകതന്നെ ചെയ്യും.
ഗോവിന്ദച്ചാമിമാര്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കാകെ ഭീഷണി ഉയര്‍ത്തുംവിധം വിഹരിക്കുന്നതിന് നിയമത്തിന്റെ സാങ്കേതിക പഴുതുകള്‍ ദുരുപയോഗിക്കപ്പെട്ടുകൂടാ. ഇക്കാര്യം ഉറപ്പാക്കാനായി സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."