ഛത്തീസ്ഗഡിൽ വിമാനം കുന്നിലേക്ക് ഇടിച്ചിറങ്ങി തീപിടിച്ചു; വൻ ദുരന്തമെന്ന് റിപ്പോർട്ട്
ജഷ്പുർ: ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിൽ വനമേഖലയോട് ചേർന്നുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വിമാനം മലനിരകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം വീണ ഉടൻ തന്നെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും പ്രദേശമാകെ പുകപടലങ്ങൾ കൊണ്ട് മൂടിയതായും ദൃക്‌സാക്ഷികൾ പറയുന്നു.
താഴ്ന്നു പറന്ന് മരത്തിലിടിച്ചു
അപകടത്തിന് തൊട്ടുമുമ്പ് വിമാനം അസാധാരണമാം വിധം താഴ്ന്നാണ് പറന്നിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 30 അടി മാത്രം ഉയരത്തിൽ പറന്ന വിമാനം ഒരു മരത്തിൽ ഇടിച്ച ശേഷമാണ് കുന്നിലേക്ക് പതിച്ചത്. സെസ്ന കാരവാൻ (Cessna Caravan) വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
മരണസംഖ്യയിൽ വ്യക്തതയില്ല
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ മരിച്ചവരുടെ കൃത്യമായ കണക്കോ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. എങ്കിലും വിമാനം പൂർണ്ണമായും കത്തിനശിച്ചതിനാൽ വൻ ജീവഹാനിയുണ്ടാകാനാണ് സാധ്യതയെന്ന് ജഷ്പുർ ജില്ലാ ഭരണകൂടം സൂചന നൽകി.
രക്ഷാപ്രവർത്തനം തുടരുന്നു
ദുർഘടമായ വനമേഖലയായതിനാൽ അപകടസ്ഥലത്തേക്ക് എത്തുന്നതിന് രക്ഷാപ്രവർത്തകർ പ്രയാസം നേരിടുന്നുണ്ട്. പൊലിസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനത്തിന് തീപിടിച്ചതും കാടിനുള്ളിലെ ഉയർന്ന താപനിലയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥയാണോ അപകടകാരണമെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."