എറ്റിയോസ് പ്‌ളാറ്റിനം പുതുമകളും കൂടുതല്‍ സുരക്ഷയും
ടൊയോട്ടയെ ഒരു പാഠം പഠിപ്പിച്ച കാര്‍ ആണ് എറ്റിയോസ്. കാരണം കൂടുതല്‍ സ്‌പെയ്‌സും, കുറഞ്ഞ റണ്ണിങ്ങ് കോസ്റ്റും, റിയബിലിറ്റിയും എല്ലാം മുഖമുദ്രയായിട്ടും എറ്റിയോസ് ഇവിടെ കാര്യമായി ക്ലച്ച് പിടിച്ചില്ല. ഇതിന്റെ കാരണം തലപുകഞ്ഞ് ആലോചിച്ച ടൊയോട്ടയ്ക്ക് ഒടുവില്‍ ആണ് സംഗതി പിടികിട്ടിയത്. ചെലവ് കുറയ്ക്കാന്‍ വേണ്ടി കമ്പനി കാണിച്ച ചില കുരുട്ടു ബുദ്ധികള്‍ തന്നെയായിരുന്നു കാറിന് പാരയായത്. അതുകൊണ്ടുതന്നെ പുതിയ ധാരാളം ഫീച്ചേഴ്‌സുമായാണ് പുതിയ എറ്റിയോസ് പ്‌ളാറ്റിനം നിരത്തിലിറങ്ങുന്നത്.
ചരിത്രത്തില്‍ ആദ്യമായി ടൊയോട്ടയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് വിഭാഗമാണ് പുതിയ എറ്റിയോസിനെ അണിയിച്ചൊരുക്കിയത് എന്ന സവിശേഷതയുമുണ്ട്. ഒറ്റനോട്ടത്തില്‍ പുതിയ ഗ്രില്ലും ബംപറും ആണ് കാറിന്റെ സവിശേഷത.
ബംപറിലെ എയര്‍ ഡാമും ഫോഗ് ലാപുകളും കൂടുല്‍ എടുത്തുകാണിക്കുന്നുണ്ട്. വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പിറകിലെ ബംപറിലും ടെയില്‍ ലാംപിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന മോഡലുകളില്‍ പുതിയ അലോയ് വീലുകളും ഇലക്ട്രിക് ഫോള്‍ഡിങ് മിററുകളും ടൊയോട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇനി ഉള്ളിലെ കാര്യം എടുത്താല്‍ സീറ്റിന്റെ ഘടനയും മാറിയിട്ടുണ്ട്. പിറകിലെ സീറ്റില്‍ ഒരു സെന്റര്‍ ആം റെസ്റ്റും പുതുതായി ഉണ്ട്. സ്റ്റാര്‍ട്ട് ചെയ്താല്‍ ഡീസല്‍ മോഡലില്‍ അനുഭവപ്പെടുന്ന വൈബ്രേഷനും എന്‍ജിന്റെ ശബ്ദവുമായിരുന്നു എറ്റിയോസിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് . ഇത് പരിഹരിക്കാന്‍ നേരത്തെയുണ്ടായിരുന്ന റബര്‍ എന്‍ജിന്‍ മൗണ്ടുകള്‍ മാറ്റി പകരം ഹൈഡ്രോളിക് മൗണ്ടുകള്‍ ആക്കിയിട്ടുണ്ട്. ക്യാബിനകത്തെ ശബ്ദം കുറയ്ക്കാന്‍ പുതിയ ഇന്‍സുലേഷനും ഉപയോഗിച്ചിട്ടുണ്ട്. ഡീസല്‍ മോഡലിലെ ക്ലച്ചും ഇപ്പോള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സുഖമുള്ളതാണ്. സസ്‌പെന്‍ഷനിലും മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ പഴയ 1.4 ലിറ്റര്‍ 68 ബി. എച്ച്. പി ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ 90 ബി. എച്ച്. പി പെട്രോള്‍ എന്‍ജിനും കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല.
മറ്റൊരു പ്രധാന കാര്യം കാറിന്റെ സുരക്ഷയിലാണ്. മുന്നില്‍ രണ്ട് എയര്‍ ബാഗുകള്‍ എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. ആന്റി ലോക് ബ്രേക്കിങ് സംവിധാനവും ബ്രേക്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ഇലക്‌ട്രോണിക് ബ്രേക്ഡിസ്ട്രിബ്യൂഷനും ബേസ് മോഡലുകള്‍ മുതല്‍ ലഭ്യമാണ്. ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ ഘടിപ്പിക്കാന്‍ പിന്നിലെ സീറ്റില്‍ ഇപ്പോള്‍ സൗകര്യമുണ്ട്. വശങ്ങളില്‍ നിന്നുള്ള ഇടിയുടെ ആഘാതം തടുക്കുവാന്‍ വേണ്ട ക്രമീകരണങ്ങളും ബോഡിയില്‍ നടത്തിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പിറകിലെ സീറ്റ് ശക്തിയേറിയ ട്യൂബുലാര്‍ സ്ട്രക്ച്ചറിലാണ് നിര്‍മിച്ചിരിക്കുന്നത്. കാറുകളുടെ ക്രാഷ് ടെസ്റ്റുകളും മറ്റും നടത്തുന്ന അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ എന്‍.സി.എ.പിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് ഇത്.
എന്നാല്‍ പുതുതായി എയര്‍ ബാഗ് വന്നതോടെ ഇതിന്റെ ചെലവ് മുന്‍നിര്‍ത്തി ഓഡിയോ സിസ്റ്റം ഇപ്പോള്‍ ഓപ്ഷണല്‍ ആക്കിയിട്ടുണ്ടെന്ന് മാത്രം. പുതിയ മാറ്റങ്ങള്‍ എറ്റിയോസിനെ കൂടുതല്‍ സുരക്ഷിതമായ ഒരു കാര്‍ ആക്കി മാറ്റിയിട്ടുണ്ടെന്ന് നിസംശയം പറയാം. എങ്കിലും സാധാരണ കാര്‍ ഉപഭോക്താക്കള്‍ മുന്‍ഗണന കൊടുക്കുന്ന ഒരു ഘടകല്ല സുരക്ഷ എന്നതാണ് കാര്‍ വിപണിയില്‍ ടൊയോട്ട നേരിടുന്ന വെല്ലുവിളി.
നിലവില്‍ എറ്റിയോസിന്റെ വില്‍പനയില്‍ 60 ശതമാനവും ടാക്‌സി മേഖലയിലാണ്. ഇതിനൊരുമാറ്റവും കമ്പനി ആഗ്രഹിക്കുന്നുണ്ട്. ഒരു ഫാമിലി കാര്‍ ആയി എറ്റിയോസിനെ മാറ്റിയെടുക്കുക എന്നതാണ് കമ്പനിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്നാല്‍ ഒരു പെട്ടിക്കൂടുപോലെയുള്ള കാറിന്റെ ലുക്ക് ആണ് ഇക്കാര്യത്തിലുള്ള പ്രധാന തടസം. പുതിയ എറ്റിയോസിലും ഇതിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്നുള്ളതാണ് ദുഃഖകരം. അതിനായി ഇനി പുതിയ മോഡല്‍ ഇറങ്ങുന്ന 2020 വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. പെട്രോള്‍ മോഡലിന് 6.43 ലക്ഷം മുതല്‍ 7.74 ലക്ഷം വരെയും ഡീസല്‍ മോഡലിന് 7.56 ലക്ഷം മുതല്‍ 8.87 ലക്ഷം വരെയുമാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."