ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ മുന്‍കാല വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളോ, രേഖകളോ ജനുവരി 5ലെ വിധി മാറ്റാന്‍ തക്കവണ്ണമുള്ളതല്ലെന്ന് കോടതി പറഞ്ഞു.
2020 സെപ്റ്റംബറിലാണ് ഡല്‍ഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. വിചാരണ വൈകുന്നതും ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്നതും ചൂണ്ടിക്കാട്ടിയാണ് ഉമര്‍ ജാമ്യത്തിനായി ഹരജി നല്‍കിയത്. എന്നാല്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട കേസില്‍ ജാമ്യം നല്‍കാന്‍ കോടതി തയ്യാറായില്ല.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ അഞ്ചു വര്‍ഷത്തിലധികമായി ജയിലില്‍ക്കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഡല്‍ഹി പൊലിസിന്റെ വാദങ്ങള്‍ അംഗീകരിച്ചു കോടതി ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇരുവരുടെയും പങ്കാളിത്തം സൂചിപ്പിക്കുന്ന മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
കേസില്‍ മറ്റ് അഞ്ചുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലിം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് അവര്‍ ചെയ്ത കുറ്റകൃത്യങ്ങളെന്നും അവയെ സ്വയമേവയുള്ള പ്രതിഷേധങ്ങളായി കണക്കാക്കാനാവില്ലെന്നുമാണ് ഡല്‍ഹി പൊലിസ് കോടതിയെ അറിയിച്ചത്. കേസില്‍ വാദംകേട്ട ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഡിസംബര്‍ പത്തിനാണ് വിധിപറയാന്‍ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."