യു.എ.ഇയിൽ വേനൽച്ചൂട് തുടങ്ങി; ഇത് സറായാത് കാലം; ചിലയിടങ്ങളിൽ താപനില 40 ഡിഗ്രിയിലെത്തി | UAE Weather updates
ദുബൈ: വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത നിലനിൽക്കുമ്പോഴും യു.എ.ഇയിൽ വേനൽച്ചൂടിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇന്നലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40°C ലെത്തി. ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന സാധാരണ താപനിലയേക്കാൾ ഗണ്യമായ വർദ്ധനവാണിത്. സാധാരണയായി തീരപ്രദേശങ്ങളിൽ 32°C നും 34°C നും ഇടയിലും, ഉൾനാടൻ പ്രദേശങ്ങളിൽ 34°C നും 36°C നും ഇടയിലുമാണ് ഈ സമയത്ത് ഉയർന്ന താപനില അനുഭവപ്പെടാറുള്ളത്.
എന്നാൽ കടുത്ത വേനൽ ഇതുവരെ പൂർണ്ണമായി ആരംഭിച്ചിട്ടില്ല. രാജ്യത്ത് ഇപ്പോൾ പ്രാദേശികമായി 'സറായാത്' (Sarrayat) എന്നറിയപ്പെടുന്ന മാറ്റത്തിന്റെ കാലമാണ്. മാർച്ച് പകുതി മുതൽ മെയ് ആദ്യം വരെ നീണ്ടുനിൽക്കുന്ന ഈ വേളയിൽ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ സാധാരണമാണ്. ഈ സമയത്ത് വലിയ ഇടിമിന്നലോടു കൂടിയ മേഘങ്ങൾ വളരെ വേഗം രൂപപ്പെടുകയും, പ്രത്യേകിച്ച് ഉച്ചതിരിഞ്ഞോ അതിരാവിലെയോ ശക്തമായ മഴയ്ക്കും കാറ്റിനും പൊടിക്കാറ്റിനും കാരണമാകുകയും ചെയ്യും.
ചൂടും അസ്ഥിരമായ കാലാവസ്ഥയും ഈ കാലയളവിന്റെ പ്രത്യേകതയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അറേബ്യൻ ഉപദ്വീപിന്റെ മധ്യഭാഗങ്ങളെ, പ്രത്യേകിച്ച് സഊദിയെ ബാധിക്കുന്ന ന്യൂനമർദ്ദം അസ്ഥിരമായ കാലാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇത് യു.എ.ഇയെ നേരിട്ട് ബാധിക്കാൻ ഇടയില്ലെങ്കിലും, മേഘങ്ങൾ രൂപപ്പെടുന്നതിനും ഒറ്റപ്പെട്ട മഴയ്ക്കും വരും ദിവസങ്ങളിൽ സാധ്യതയുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്‌ചകളിൽ രാജ്യത്ത് അസാധാരണമായ തണുപ്പും അനുഭവപ്പെട്ടിരുന്നു. ചില തീരദേശ നഗരങ്ങളിൽ താപനില 30°C ന് താഴെയായിരുന്നു. റക്ന പോലുള്ള ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 15°C ലും 10°C ലും താഴെയെത്തിയിരുന്നു. ഇത് ഈ കാലയളവിലെ ശരാശരിയേക്കാൾ വളരെ കുറവാണ്.
വസന്തകാലം അവസാനിക്കുന്നതിന്റെ സൂചനകളാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങളെന്ന് എമിറേറ്റ്‌സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. മാർച്ച് പകുതി മുതൽ മെയ് ആദ്യം വരെയുള്ള സമയത്ത് അന്തരീക്ഷം അസ്ഥിരമായിരിക്കുമെങ്കിലും, ഈ വർഷം ശരാശരിയേക്കാൾ കൂടിയ തണുപ്പും അതിനുശേഷം പെട്ടെന്ന് 40 ഡിഗ്രിയിലെത്തിയ ചൂടും അനുഭവപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടമാണെന്നും അദ്ദേഹം വിശദീകരിച്ചു. താപനില തുടർച്ചയായി 40°C ന് മുകളിലാകാനും, ചില തെക്കൻ, ഉൾനാടൻ പ്രദേശങ്ങളിൽ ഇത് 50°C വരെ എത്താനും സാധ്യതയുണ്ട്.
നിലവിൽ മഴമേഘങ്ങളും ചൂടും ഒരുമിച്ചുള്ള ഒരു ഇടവേളയിലാണ് രാജ്യമുള്ളത്. പെട്ടെന്നുണ്ടാകുന്ന ഒരു വേനൽമഴയ്ക്ക് ഇപ്പോഴും ചൂടിന് ശമനമുണ്ടാക്കാൻ സാധിക്കും. എന്നിരുന്നാലും വേനൽക്കാലം വളരെ അകലെയല്ല, അതിൻ്റെ വരവ് അറിയിച്ചു കഴിഞ്ഞു- അദ്ദേഹം വിശദീകരിച്ചു.
English summary : The UAE is beginning to feel the first real pulse of summer, with temperatures already climbing above seasonal norms, even as unsettled spring weather continues to bring the chance of rain in the days ahead.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."