വിവാഹഹാളിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; യുവാവിന്റെ താടിയെല്ല് സ്റ്റീൽ വളകൊണ്ട് അടിച്ചുതകർത്തു; നാല് പേർ പിടിയിൽ
കോഴിക്കോട്: വിവാഹ ഹാളിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ സ്റ്റീൽ വള ഉപയോഗിച്ച് മർദ്ദിച്ച് പല്ല് കൊഴിക്കുകയും താടിയെല്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ പിടിയിലായി. കല്ലൂത്താൻകടവ് ഫ്ലാറ്റിൽ താമസിക്കുന്ന രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരെയാണ് കസബ പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ ജനുവരി 13-ന് രാത്രി 10.30-ഓടെ എസ്.കെ. പൊറ്റക്കാട് ഹാളിൽ വെച്ചായിരുന്നു അക്രമം നടന്നത്. വിവാഹച്ചടങ്ങിനിടെ പ്രതികൾ ഹാളിൽ വെച്ച് വലിയ രീതിയിൽ ബഹളമുണ്ടാക്കിയിരുന്നു. ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന ഭാരതി എന്ന യുവാവ് ഇത് ചോദ്യം ചെയ്യുകയും പൊലിസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലിസിനെ വിളിച്ചതിലുള്ള വിരോധം തീർക്കാൻ പ്രതികൾ ഭാരതിയെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ക്രൂരമായ മർദ്ദനം
കൈയ്യിൽ ധരിച്ചിരുന്ന ഭാരമേറിയ സ്റ്റീൽ വള ഉപയോഗിച്ചാണ് പ്രതികൾ ഭാരതിയുടെ മുഖത്ത് ഇടിച്ചത്. ആക്രമണത്തിൽ യുവാവിന്റെ പല്ല് കൊഴിയുകയും താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പൊലിസ് നടപടി
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കസബ ഇൻസ്‌പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗോവിന്ദപുരത്തെ കാവിൽ താഴം, കല്ലുത്താൻകടവ്, മുണ്ടിക്കൽ താഴം എന്നിവിടങ്ങളിൽ വെച്ചായിരുന്നു അറസ്റ്റ്. സബ് ഇൻസ്‌പെക്ടർമാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ, സീനിയർ സി.പി.ഒമാരായ സുമിത് ചാൾസ്, ഷിബു, സി.പി.ഒ ജിതിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."