വിദേശനയത്തിൽ വൻ മാറ്റത്തിനൊരുങ്ങി യുഎഇ; ഇറാനുമായുള്ള ബന്ധത്തിൽ ഇനി കടുത്ത നിലപാട്
അബുദബി: മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശനയത്തിലും നയതന്ത്ര സമീപനത്തിലും വലിയ മാറ്റങ്ങൾക്കൊരുങ്ങി യുഎഇ. ഫെഡറൽ നാഷണൽ കൗൺസിൽ പ്രതിരോധ-വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി അൽ നുഐമിയാണ് യുഎഇയുടെ ഭാവി നയങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകുന്ന എട്ട് പ്രധാന കാര്യങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്.
മേഖലയിലെ സുരക്ഷയും സ്ഥിരതയും മുൻനിർത്തി യുഎഇയുടെ വിദേശനയം കൂടുതൽ പ്രായോഗികമായ തലത്തിലേക്ക് മാറുകയാണ്. അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകളിൽ നിന്ന് യുഎഇ മാറിനിൽക്കുന്നു എന്ന ധാരണ തെറ്റാണെന്നും അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ വൻശക്തികളുമായി രാജ്യം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതപരമോ പ്രാദേശികമോ ആയ ഐക്യദാർഢ്യ ചട്ടക്കൂടുകൾക്ക് പകരം രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്ന സ്വതന്ത്ര നിലപാടായിരിക്കും യുഎഇ സ്വീകരിക്കുക. വൈകാരികമായ ബന്ധങ്ങൾക്കപ്പുറം പരസ്പര നേട്ടവും പ്രായോഗികമായ ഫലങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ഇനി സഖ്യങ്ങൾ രൂപീകരിക്കുക.
ഇറാനുമായുള്ള ബന്ധത്തിൽ വലിയ രീതിയിലുള്ള വിശ്വാസ വിടവ് നിലനിൽക്കുന്നതായി അൽ നുഐമി തുറന്നുപറഞ്ഞു. ഇറാൻ നേതൃത്വത്തിന്റെ വാക്കുകളും പ്രവർത്തികളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ഭാവിയിൽ ഇറാനുമായുള്ള ഏതൊരു നയതന്ത്ര ഇടപെടലും പരമാധികാരത്തോടുള്ള ബഹുമാനത്തിലും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിലും അധിഷ്ഠിതമായിരിക്കും.
മേഖലയിൽ സമാധാനം ഉറപ്പാക്കാൻ വെറും വാക്കുകൾക്ക് പകരം വ്യക്തമായ ഉറപ്പുകളും സുരക്ഷാ സംവിധാനങ്ങളുമാണ് യുഎഇ ആഗ്രഹിക്കുന്നത്. നിയമലംഘനങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം നിശ്ചയിക്കാനും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുമുള്ള കർശനമായ നിലപാടുകൾ യുഎഇ സ്വീകരിക്കും. രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇനി വരാനിരിക്കുന്നതെന്ന് ചുരുക്കം.
the uae is preparing for a significant foreign policy shift, indicating a stricter approach toward relations with iran amid evolving regional dynamics and security concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."