ഭവന മന്ത്രാലയത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ബഹ്റൈനിലെ കരാർ നടപടികൾ സ്മാർട്ടായി വീട്ടിലിരുന്ന് പൂർത്തിയാക്കാം
മനാമ: പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമായി പുതിയ ഇലക്ട്രോണിക് ഉപയോഗ കരാർ (Electronic Usufruct Contract) സേവനം ആരംഭിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഭവന പദ്ധതികളുമായി ബന്ധപ്പെട്ട കരാർ നടപടികൾ കൂടുതൽ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാൻ സാധിക്കും.
പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കരാർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നിന്ന് വെറും രണ്ട് ദിവസമായി ചുരുങ്ങി. ഗുണഭോക്താക്കൾക്ക് മന്ത്രാലയ ഓഫീസുകളിൽ നേരിട്ട് ഹാജരാകാതെ തന്നെ ഓൺലൈനായി കരാറുകൾ അംഗീകരിക്കാൻ സാധിക്കും. പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കി, ഓട്ടോമേറ്റഡ് രീതിയിലാണ് സേവനം സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ വ്യക്തിപരമായ സാന്നിധ്യമില്ലാതെ തന്നെ കരാറുകൾ ഇലക്ട്രോണിക് ആയി അംഗീകരിക്കാനും, അവ എപ്പോൾ വേണമെങ്കിലും ഓൺലൈനായി കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. കൂടാതെ, ഓരോ കരാറിലും ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ക്യുആർ കോഡ് (QR Code) വഴി ഗുണഭോക്താക്കൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കരാറിന്റെ ആധികാരികത തൽക്ഷണം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താനും ഈ സംവിധാനം സൗകര്യമൊരുക്കുന്നു.
സർക്കാർ രേഖകൾ പരിശോധിക്കുന്നതിനുള്ള ദേശീയ സംവിധാനവുമായി ഈ സേവനത്തെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഭവന, നഗരാസൂത്രണ മന്ത്രി ആമിന ബിൻത് അഹമ്മദ് അൽ റുമൈഹി അറിയിച്ചു. സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണിത്.
പൊതുജനങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന അജണ്ടയുടെ ഭാഗമായി ഇതിനകം എണ്ണൂറോളം സർക്കാർ സേവനങ്ങൾ വികസിപ്പിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. "തവാസുൽ" പോലുള്ള സംവിധാനങ്ങളിലൂടെ ലഭിക്കുന്ന ഫീഡ്‌ബാക്ക് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
bahrain digitizes housing ministry procedures, allowing residents to complete contract processes from home without waiting in queues, improving efficiency and convenience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."