ശമ്പളം ഇനി 15 ദിവസത്തിലൊരിക്കൽ; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി നേപ്പാൾ സർക്കാർ
കാഠ്മണ്ഡു: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ രീതിയിൽ വൻ പരിഷ്കാരവുമായി നേപ്പാൾ സർക്കാർ. പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന പ്രതിമാസ ശമ്പള രീതിക്ക് പകരം ഇനി മുതൽ രണ്ടാഴ്ചയിലൊരിക്കൽ (15 ദിവസം) ശമ്പളം നൽകാനാണ് തീരുമാനം. വിപണിയിലെ പണലഭ്യത വർധിപ്പിക്കാനും ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പുതിയ മാറ്റങ്ങൾ ഇങ്ങനെ:
മാസശമ്പളവും മറ്റ് അലവൻസുകളും രണ്ട് തുല്യ ഭാഗങ്ങളായി വിഭജിക്കും. മാസത്തിന്റെ പകുതിയിൽ (15-ാം തീയതി) ആദ്യ ഗഡുവും, മാസാവസാനം ബാക്കി തുകയും ജീവനക്കാരുടെ അക്കൗണ്ടിലെത്തും.
സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നേപ്പാൾ സൈന്യം, പൊലിസ്, സായുധ പൊലിസ് സേന എന്നിവരടക്കം എല്ലാ സർക്കാർ ജീവനക്കാർക്കും പുതിയ നിയമം ബാധകമായിരിക്കും.
രാജ്യത്തെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക എന്നതാണ് ഈ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കൃത്യമായ ഇടവേളകളിൽ പണം കൈവശമെത്തുന്നത് വഴി ജീവനക്കാർക്ക് അവരുടെ നിത്യചെലവുകൾ, സ്കൂൾ ഫീസുകൾ, ബില്ലുകൾ എന്നിവ കടബാധ്യതകളില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കും. മാസാവസാനം അനുഭവപ്പെടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നതിനാൽ ജീവനക്കാരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
"സാധാരണക്കാരായ ജീവനക്കാർക്ക് അവരുടെ ദൈനംദിന ചെലവുകൾ ആസൂത്രണം ചെയ്യാൻ പുതിയ രീതി കൂടുതൽ കരുത്തുപകരും" സർക്കാർ വക്താവ് വ്യക്തമാക്കി.
പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതിനായി സോഫ്റ്റ്‌വെയറുകളിലും ഭരണപരമായ സംവിധാനങ്ങളിലും മാറ്റം വരുത്താൻ ഫിനാൻഷ്യൽ കംപ്‌ട്രോളർ ജനറൽ ഓഫീസിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. നിലവിലെ സിവിൽ സർവീസ് നിയമത്തിൽ ശമ്പളം മാസത്തിലൊരിക്കൽ നൽകണമെന്നാണ് വ്യവസ്ഥയുള്ളത്. ഇതിൽ ആവശ്യമായ ഭേദഗതി വരുത്താനോ അല്ലെങ്കിൽ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കാനോ ആണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്.
The Nepal government has decided to replace its decades-old monthly salary system with a fortnightly (every 15 days) payment cycle for all government employees. This landmark move, announced by the Ministry of Finance, aims to increase cash flow in the market and stimulate the national economy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."