കൊടും ക്രിമിനലിന് വധശിക്ഷയില്ല
പ്രമാദമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി തൂക്കുമരത്തില്‍ നിന്നും ഇറങ്ങിപ്പോന്നിരിക്കുന്നു. കേരളീയ മനസ്സാക്ഷിയെ ഒരേ സമയം നടുക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ക്രൂരമായ കൊലപാതകം ഗോവിന്ദച്ചാമിയാണ് നടത്തിയതെന്നതിന് എന്താണ് തെളിവെന്ന് ചോദിച്ചുകൊണ്ടാണ് സുപ്രിം കോടതി ഗോവിന്ദച്ചാമിയുടെ അപ്പീല്‍ അനുവദിച്ച് ഉത്തരവായത്. മാനഭംഗം നടത്തിയതിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് സുപ്രിം കോടതിയും ഗോവിന്ദച്ചാമിക്ക് വിധിച്ചത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം തെളിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിയാതെ പോയി. സര്‍ക്കാര്‍ റിവ്യു ഹരജി നല്‍കുമെന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിട്ടുണ്ടെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സാധാരണ വിധി പ്രസ്താവിച്ച ബെഞ്ചിന്റെ മുന്‍പാകെ തന്നെയായിരിക്കും പുനപരിശോധനാ ഹരജികളും തിരുത്തല്‍ ഹരജികളും വരിക. സാക്ഷിമൊഴികള്‍ കൊലപാതകം സ്ഥിരീകരിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രിം കോടതിക്ക് മുന്‍പില്‍ കാര്യമാത്ര പ്രസക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ. എന്നാല്‍ നേരത്തെ നല്‍കിയ വിധി ശരി വയ്ക്കലായിരിക്കും മിക്കവാറും പുനപരിശോധനക്ക് ശേഷവും കോടതി നടത്തുക. സാഹചര്യ തെളിവുകള്‍ മുഖവിലക്കെടുത്താണ് തൃശ്ശൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതിയും ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്.
2013 നവംബറില്‍ ഹൈക്കോടതി നടത്തിയ വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നത് പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കുന്നത് ചിന്തിക്കുവാന്‍ കഴിയില്ലെന്നും രക്തദാഹിയും കൊടും ക്രിമിനലുമായ പ്രതിയെ കഴുമരത്തില്‍ നിന്നൊഴിവാക്കുന്നത് നീതിയെ തകിടം മറിക്കലായിരിക്കും നിസ്സഹായയായ പെണ്‍കുട്ടിയെ ഹീനവും മൃഗീയവുമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വധശിക്ഷയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും പ്രതിയെ സമൂഹ മധ്യത്തിലേക്കയക്കുന്നത് മനുഷ്യത്വമല്ലെന്നും മറിച്ച് ക്രൂരതയാകുമെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വപ്പെട്ടതാണ് ഈ വധമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി ശരിവച്ചത്. സൗമ്യയോട് കാണിച്ച ക്രൂരതയില്‍ നിന്നും പ്രതി ഗോവിന്ദച്ചാമി മനുഷ്യജീവന് തെല്ലും വിലകല്‍പ്പിക്കുന്നില്ലെന്നും ക്രിമിനല്‍ സ്വഭാവം, മുന്‍കൂട്ടിയുള്ള തയാറെടുപ്പ്, നിഷ്ഠൂരമായ മാനസികാവസ്ഥ, കൊടും ക്രൂരത എന്തിനും മടിക്കാത്ത പ്രകൃതം ഇങ്ങനെയൊക്കെ ഹൈക്കോടതിയാല്‍ വിശേഷിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സുപ്രിം കോടതി വധശിക്ഷ ഒഴിവാക്കിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കപ്പെടുന്ന കേസുകളില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്കാണ് ലഭിക്കുക. ഇവിടെ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാഹചര്യ തെളിവുകളുടെ പിന്‍ബലത്തില്‍ സീനിയര്‍ അഭിഭാഷകനായ തോമസ് പി.ജോസഫ് വാദിക്കുമ്പോഴും രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിയമ മനസില്‍ സംശയത്തിന്റെ ആനുകൂല്യമെന്ന വകുപ്പാണ് ഇടം പിടിച്ചത്. അതിനാലായിരിക്കണം ഗോവിന്ദച്ചാമിയാണ് സൗമ്യയെ തള്ളിയിട്ടു കൊന്നത് എന്നതിന് തെളിവ് എവിടെയെന്ന് സുപ്രിം കോടതി ചോദിച്ചത്.
കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടി 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി -ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ ഗോവിന്ദച്ചാമിയാല്‍ ആക്രമിക്കപ്പെട്ടതും ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതും. പെണ്‍കുട്ടിയുടെ അലമുറ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉയര്‍ന്നിട്ടും തിരിഞ്ഞു നോക്കാതിരുന്ന സഹയാത്രികരും പ്രതിയെ പോലെ തന്നെ കുറ്റവാളികളാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കുഞ്ഞുങ്ങള്‍, പ്രായം ചെന്നവര്‍, നിസ്സഹായരായ പെണ്‍കുട്ടികള്‍ എന്നിവരെ കൊലപ്പെടുത്തുന്നത് അപൂര്‍വ ഗണത്തില്‍ പെടുമെന്ന് സുപ്രിംകോടതി നേരത്തെ വിലയിരുത്തിയിട്ടുള്ളതാണ്. നീതിക്കായുള്ള സമൂഹത്തിന്റെ മുറവിളിയോട് കോടതികള്‍ പ്രതികരിക്കേണ്ടത് കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷ തക്കസമയത്ത് നല്‍കിക്കൊണ്ടാവണമെന്നും ക്രിമിനലുകളുടെ അവകാശം മാത്രമല്ല ഇരകളുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ മാനിച്ചാണ് ശിക്ഷ വിധിക്കേണ്ടതെന്നും ഹൈക്കോടതി വധശിക്ഷക്കൊപ്പം നിരീക്ഷിച്ചിരുന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ വധശിക്ഷക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വരെ ഗോവിന്ദച്ചാമി എന്ന ക്രിമിനല്‍ പിടിച്ചു പറിക്കാരന് കഴിഞ്ഞതിന് പിന്നില്‍ പല ദുരൂഹതകളും ഉണ്ട്. ലക്ഷങ്ങള്‍ ഒരു സിറ്റിങിന് പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ വാഴുന്ന സുപ്രിം കോടതിയില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ചത് ഹൈക്കോടതിയില്‍ ഹാജരായ ബി.എ ആളൂര്‍ തന്നെയായിരുന്നു. യു.ഡി.ഫ് സര്‍ക്കാര്‍ സുപ്രിം കോടതിയിലെ കേസ് നടത്തിപ്പില്‍ ജാഗ്രതയോടെത്തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറയുന്നുണ്ട്. ഹൈക്കോടതിയില്‍ കേസ് വാദിച്ച് ജയിച്ച അഡ്വ. സുരേഷിന് സുപ്രിം കോടതിയില്‍ ഹാജരാകാന്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. സീനിയര്‍ അഭിഭാഷകര്‍ക്ക് മാത്രമേ സുപ്രിം കോടതിയില്‍ ഹാജരാകാന്‍ പറ്റൂ. ഇതുകൊണ്ടാണ് പ്രഗത്ഭ അഭിഭാഷകനായ തോമസ് പി.ജോസഫിനെ സുപ്രിം കോടതിയില്‍കേസ് വാദിക്കാനായി യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹത്തെ സഹായിക്കാന്‍ ഹൈക്കോടതിയില്‍ കേസ് വാദിച്ച് ജയിച്ച സുരേഷിനെയും ഏര്‍പ്പെടുത്തി ഇവരെ സഹായിക്കാനായി കേസ് അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നാലംഗ ടീമിനെയും യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പ്രോസിക്യൂഷന്‍ നടപടികളില്‍ സര്‍ക്കാരുകള്‍ മുന്‍ സര്‍ക്കാരുകളുടെ തുടര്‍ച്ചയാണെന്നും അതിനാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകരില്‍ മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. രണ്ട് സര്‍ക്കാരുകളും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ ഒരു മാസത്തിനുള്ളില്‍ കേസ് സുപ്രിം കോടതിയില്‍ വരുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിയാതെ പോയതാണോ ? സൗമ്യയെ തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമി തന്നെയാണെന്ന് തെളിയിക്കാന്‍ കഴിയാതെ പോയതിനാലാണ് വധശിക്ഷ ഒഴിവായത്. സാധാരണ ഗതിയില്‍ ഹൈക്കോടതി വിധി പഠിച്ചതിന് ശേഷമായിരിക്കും സുപ്രിം കോടതി കേസുകളില്‍ വാദം കേള്‍ക്കുക.
സൗമ്യയുടെ നിലവിളി കേട്ടെന്ന പരിസരവാസികളുടെ മൊഴികളോ സൗമ്യയുടെ ദേഹത്തെ ഗോവിന്ദച്ചാമിയുടെ നഖ ക്ഷതങ്ങളും ഗോവിന്ദച്ചാമിയുടെ ദേഹത്തെ സൗമ്യയുടെ നഖക്ഷതങ്ങളും സംഭവം നടന്ന സമയത്ത് പരിസരത്ത് ഗോവിന്ദച്ചാമിയെ കണ്ടെന്ന് പരിസരവാസികളുടെ മൊഴികളും സൗമ്യയുടെ നഖത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത ഗോവിന്ദച്ചാമിയുടെ തൊലിയും രക്തവും തള്ളിയിട്ട് കൊന്നത് തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഷെര്‍ലി വാസുവിന്റെ മൊഴികളും ഒന്നും തന്നെ ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ പോന്നതായി സുപ്രിം കോടതിക്ക് ബോധ്യപ്പെട്ടില്ല. വധശിക്ഷ നല്‍കാതിരുന്നത് സ്ത്രീ സുരക്ഷയെ കുറിച്ച് ഏറെ ആശങ്കപ്പെടുത്തുന്നതും ഗോവിന്ദച്ചാമിമാര്‍ക്ക് എന്തും ചെയ്യാനുള്ള പ്രേരണ നല്‍കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."