ദൗര്‍ഭാഗ്യകരമായ വിധി
സൗമ്യ വധക്കേസില്‍ ദൗര്‍ഭാഗ്യകരമായ വിധിയാണു സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ പൊതുസമൂഹം ഇത്രകണ്ട് ആശങ്കപ്പെട്ട ഒരു വിധിയില്‍ കൊലപാതക ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്ന സുപ്രിംകോടതിയുടെ കണ്ടെത്തലുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്കു വിരുദ്ധമാണ്. വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ സുപ്രിംകോടതിക്കു മറിച്ചൊരു തീരുമാനത്തില്‍ എത്തണമെങ്കില്‍ സാധാരണഗതിയില്‍ അത്ര എളുമല്ല. രണ്ടു കോടതികളുടെ ഒരേതരത്തിലുള്ള വിധിയെ സുപ്രിംകോടതിക്കു ദുര്‍ബലമാക്കാന്‍ പര്യാപ്തമായ യാതൊരു സാഹചര്യവും ഈ കേസിലില്ല. ഓടുന്ന തീവണ്ടിയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ തള്ളിവീഴ്ത്തിയെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും പൈശാചികവും മൃഗീയവുമായ ബലാത്സംഗമെന്നു സുപ്രിംകോടതി തന്നെ കണ്ടെത്തുകയും ചെയ്ത ഈ കേസില്‍ പ്രതിക്കു പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യമില്ലെന്ന സുപ്രിംകോടതിയുടെ തന്നെ കണ്ടെത്തല്‍ വിചിത്രമാണ്. സമാന കേസുകളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മുന്‍വിധികള്‍ പോലും ഈ വസ്തുതയെ അംഗീകരിക്കുന്നില്ല.
അതുപോലെ തന്നെ സുപ്രിംകോടതി സൗമ്യ കേസില്‍ പുറപ്പെടുവിച്ച വിധി നാളെകളില്‍ തിരുത്തേണ്ടി വരും. തിരുത്തിയ നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. 1950ലെ ആദ്യത്തെ മൗലികാവകാശക്കേസ് എന്നറിയപ്പെടുന്ന എ.കെ.ജിയുടെ കേസില്‍ എ.കെ.ജിയെ കരുതല്‍ തടങ്കലില്‍ വച്ചുകൊണ്ട് മദ്രാസ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമാണെന്നാണ് അന്നു വിധിച്ചത്. 28 വര്‍ഷത്തിനു ശേഷം 1978ല്‍ മനേകാഗാന്ധിയുടെ കേസില്‍ എ.കെ.ഗോപാലന്റെ കേസ് വിധി സുപ്രിംകോടതി വിധി തന്നെയായിരുന്നു തിരുത്തിയത്.
ലോകത്ത് ഏറ്റവും ശക്തമായ നീതിന്യായസ്ഥാപനമാണ് ഇന്ത്യന്‍ സുപ്രിംകോടതി. ആ സുപ്രിംകോടതി അറിയപ്പെടുന്നതു തന്നെ സുപ്രിംകോടതി എന്നല്ല; സുപ്രിം കോര്‍ട്ട് ഓഫ് ഇന്ത്യന്‍സ് എന്നാണ്. ഒരു നീതിന്യായ സ്ഥാപനത്തിന്റെ ശക്തിയും പ്രഭാവവും എന്നു പറയുന്നത് അവ പുറപ്പെടുവിക്കുന്ന വിധികള്‍ ജനങ്ങളില്‍ എങ്ങനെ സ്വീകാര്യമാവുന്നു എന്നുള്ളതാണ്. ജനങ്ങള്‍ക്കു സ്വീകാര്യമാവാത്ത വിധിന്യായങ്ങള്‍ ഫലത്തിലും ബലത്തിലും കൊണ്ടുവരിക എന്നത് അസാധ്യമാണ്. അതുകൊണ്ടു തന്നെ സുപ്രിംകോടതിയും ഹൈക്കോടതികളും ജനപ്രിയ സ്ഥാപനങ്ങളായി മാറിയാല്‍ മാത്രമേ അവ ശക്തിയുക്തം നിലനില്‍ക്കൂ. അല്ലാത്തപക്ഷം ജനരോഷം കോടതിക്കെതിരേ തിരിയുമ്പോള്‍ കോടതികള്‍ ഭരണകൂടത്തിന്റെ രൂപപരിണാമമായി മാറും. കോടതി ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ജനവിരുദ്ധ ഭരണകൂടമായി അവ മാറും. ഇതിനര്‍ഥം ജനങ്ങള്‍ക്കു സ്വീകാര്യമായ വിധികള്‍ മാത്രം പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങളായി കോടതികള്‍ മാറണമെന്നല്ല.
സൗമ്യ വധക്കേസില്‍ പ്രതിക്കു കൊലപാതക ലക്ഷ്യമില്ലെന്ന സുപ്രിംകോടതി കണ്ടെത്തലുകളില്‍ കോപാകുലരായതു സൗമ്യയുടെ മാതാപിതാക്കള്‍ മാത്രമല്ല, ഒരു സംസ്ഥാനത്തെയും രാജ്യത്തെമ്പാടുമുള്ള പൊതുസമൂഹവുമാണ്.
സുപ്രിംകോടതിയില്‍ സംസഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തോമസ് പി.ജോസഫ്, ക്രിമിനല്‍ നിയമത്തില്‍ അപാര പാണ്ഡിത്യമുള്ള അഭിഭാഷകനാണ്.
അദ്ദേഹത്തെ കേസ് ഏല്‍പ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് എന്ന നിലയില്‍ ഞാനായിരുന്നു സര്‍ക്കാരിനു ശുപാര്‍ശ ചെയ്തത്.
തോമസ് പി. ജോസഫിന് ആവശ്യമായ സഹായം നല്‍കാന്‍ കീഴ്‌ക്കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകനെ നിയമിക്കണമെന്ന് അന്നത്തെ എ.ഡി.ജി.പി ബി.സന്ധ്യ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ആ ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരേശന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറെ സീനിയര്‍ അഭിഭാഷകനു സഹായം നല്‍കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
പക്ഷേ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സുരേശനെ ഈ കേസില്‍ നിന്നു പൂര്‍ണമായും മാറ്റി നിര്‍ത്തിയതു ചില രാഷ്ട്രീയ പരിഗണനകള്‍ വച്ചാണോ എന്ന സംശയം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. സുരേശനു പകരം ജൂനിയറായ അഭിഭാഷകനെ ഈ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്റ്റാന്റിങ് കൗണ്‍സിലറായി നിയമിക്കുകയും കേസിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
സുരേശനെ നിയമിച്ച ഉത്തരവ് നിലനില്‍ക്കെ അദ്ദേഹത്തിനെ കേസില്‍ നിന്നു മാറ്റിനിര്‍ത്തിയത് ഉചിതമായില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് സുപ്രിംകോടതിയില്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ എല്ലാവിധ സന്നാഹങ്ങള്‍ക്കും തയാറെടുക്കേണ്ടതിനു പകരം അലംഭാവത്തോടെ, രാഷ്ട്രീയ പരിഗണനകള്‍ വച്ച് കാര്യങ്ങള്‍ നീക്കിയത് ഈ കേസിന്റെ ഫലത്തില്‍ സംശയം ഉളവാക്കി. സുപ്രിംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണം. റിവ്യൂ പെറ്റീഷനില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ക്യൂററ്റി പെറ്റീഷനും നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."