ബാഫഖി തങ്ങള്‍: ഇസ്‌ലാമിന്റെ തന്മയത്വം
1973 ജനുവരി 20ന് വെള്ളിയാഴ്ച പുതിയങ്ങാടി ജുമുഅ മസ്ജിദില്‍നിന്ന് ജുമുഅ കഴിഞ്ഞ് പള്ളിക്ക് പുറത്തേക്ക് വന്നപ്പോള്‍ പള്ളി പരിസരത്തുനിന്ന് ഒരുകൂട്ടം ആളുകള്‍ ബാപ്പയെക്കുറിച്ച് ഉത്കണ്ഠയോടെ വിവരങ്ങള്‍ ആരായുന്നത് കണ്ടു. ഉദ്വേഗത്തോടെ വീട്ടിലേക്കുള്ള നടത്തത്തിന് വേഗത കൂടി. മുറ്റം നിറയെ കണ്ണീരണിഞ്ഞ അയല്‍വാസികള്‍. വീട്ടിലെ ഫോണില്‍ നിലക്കാത്ത ശബ്ദം. ഉമ്മയുടെ കണ്ണീരണിഞ്ഞ മുഖം എന്നെ തളര്‍ത്തി.
അല്‍പസമയത്തിനകം വീട്ടുവളപ്പില്‍ പൗരപ്രമുഖരുടെ തിരക്ക്. കെ.വി കോയസ്സന്‍കോയ, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവരുടെ സാന്ത്വന വാക്കുകളോടെ നിറകണ്ണീരണിഞ്ഞ് നില്‍ക്കുമ്പോള്‍ കാറില്‍ നിന്ന് എളാപ്പ അഹമ്മദ് ബാഫഖി ഞങ്ങള്‍ക്കിടയിലേക്ക് ഓടിവന്നു ഇടറിയ ശബ്ദത്തില്‍ പറഞ്ഞു: ഇക്കയെ അല്ലാഹു നമ്മളില്‍നിന്ന് തിരിച്ച് വിളിച്ചിരിക്കുന്നു.
അതോടെ അടക്കിപ്പിടിച്ച തേങ്ങല്‍ ഒരു പൊട്ടിക്കരച്ചലായി ഞങ്ങളില്‍ നിന്നും ഉയര്‍ന്നു.
1972 ഡിസംബര്‍ 30 ന് ബാപ്പ ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഡോ സി.കെ രാമചന്ദ്രനെ കണ്ടിരുന്നു. ഡോക്ടര്‍മാര്‍ മൂന്ന് മാസത്തെ മരുന്നാണ് നിര്‍ദേശിച്ചത്. പക്ഷേ, മരുന്നിന് ക്ഷാമമായതുകാരണം അത്രയും ദിവസത്തേക്ക് കിട്ടിയില്ല. 19 ദിവസത്തെ മരുന്ന് മാത്രമാണ് ശേഖരിക്കാനായത്. വിവരം ബാപ്പയോട് പറഞ്ഞപ്പോള്‍ മറുപടി അത് മതിയാകും എന്നായിരുന്നു. ഏതോ ഉള്‍വിളിക്കനുസൃതമായിട്ടാണോ ബാപ്പ അങ്ങനെ പറഞ്ഞത്,അറിയില്ല. അത് പറഞ്ഞ് കൃത്യം പത്തൊമ്പതാം ദിവസം ബാപ്പ എന്നെന്നേക്കുമായി യാത്രയായി.
അടുത്ത ദിവസം വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് കൂടുതല്‍ വാര്‍ത്തകള്‍ അറിയുന്നത്. മക്കയില്‍വച്ചാണ് മരിച്ചതെങ്കിലും അന്നത്തെ വാര്‍ത്താ വിനിമയങ്ങളുടെ അസൗകര്യംമൂലം റിയാദില്‍നിന്ന് മരിച്ചു എന്നാണ് പത്രങ്ങളില്‍ വന്നത്. യഥാര്‍ഥത്തില്‍ റിയാദ് എന്നത് മക്കയില്‍ തന്നെയുള്ള ബാപ്പ അന്തരിച്ച വീടിന്റെ പേരായിരുന്നു. അന്ന് മരണസമയത്ത് ബാപ്പയുടെ ഏറ്റവും അടുത്ത പല മുസ്‌ലിം ലീഗ് നേതാക്കളും ഉറ്റ സുഹൃത്തുക്കളും മകള്‍ മറിയവും ഭര്‍ത്താവ് അമീന്‍ ബാഫഖി(ജിദ്ദ)യും അടുത്ത് തന്നെ ഉണ്ടായിരുന്നു. അമീന്‍ ബാഫഖിയുടെ മടിയില്‍ തലവച്ചാണ് കണ്ണടച്ചത്.
ബാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഹോര്‍ലിക്‌സും നെസ്‌കഫെയും ചേര്‍ത്ത പാനീയം. യാത്രയില്‍ എപ്പോഴും ഇവ രണ്ടും കരുതും. കൂടാതെ ഒരു ഫ്‌ളാസ്‌കില്‍ തിളപ്പിച്ച വെള്ളവും കൂടെ ഉണ്ടാവും. ട്രെയിന്‍ യാത്രയില്‍ ഇതിന്റെ കൂടെ മൂന്ന് ഗോള്‍ഡന്‍ പഫ് ബിസ്‌കറ്റും പതിവായിരുന്നു. ഇവ കൂടാതെ കൈയിലുള്ള പെട്ടിയില്‍ ഒരു റേഡിയോവും ടേപ്പ്‌റിക്കാര്‍ഡും പരിശുദ്ധ ഖുര്‍ആനുമുണ്ടാകും. സഹയാത്രികര്‍ക്ക് നല്‍കാനായി പലപ്പോഴും എസ്ട്ടി റോസിന്റെ ചെറിയ കുപ്പിയും കൈയിലുണ്ടാവും. ഓരോ ദിവസവും ഖുര്‍ആന്‍ കഴിയുന്നത്ര പാരായണം ചെയ്യാറുണ്ടായിരുന്നു.
റമദാന്‍ മാസം ബാഫഖി കുടുംബത്തില്‍ പ്രത്യേക ആഹ്ലാദമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരു ഉത്സവദിനം കാത്തിരിക്കുന്ന സന്തോഷം. നോമ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഒരു മാസത്തേക്കുള്ള ഈത്തപ്പഴ പായ്ക്കറ്റുകള്‍ എല്ലാ വീട്ടിലും എത്തും. ബാഫഖി കുടുംബങ്ങള്‍ ഒന്നിക്കുന്ന പള്ളിയാണ് കൊയിലാണ്ടി ബീച്ച് റോഡിലുള്ള വലിയകത്ത് പള്ളി. നോമ്പിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പള്ളി വൃത്തിയാക്കലും വെള്ളപൂശലും പെയിന്റ് ചെയ്യലും പരിസര ശുചീകരണവും നടക്കും. മാസപ്പിറവി കണ്ടുകഴിഞ്ഞാല്‍ ഉടനെ കേരളത്തിലെ വിവിധ ഖാസിമാരെ ഫോണില്‍ അര്‍ജന്റ് കോളും ലൈറ്റ്‌നിങ് കോളും ബുക്ക് ചെയ്യും. വടക്കന്‍ കേരളത്തില്‍ ആകമാനം നോമ്പും പെരുന്നാളും ഏകീകരിച്ച് ആഘോഷിക്കാന്‍ ബാപ്പ ശ്രമിക്കും. റമദാന്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അന്ന് മുതല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും നീളക്കുപ്പായം ധരിച്ച് ഒരേ പള്ളിയില്‍ ഇശാഅ്, തറാവീഹ്, സുബ്ഹ് എന്നീ നിസ്‌കാരങ്ങള്‍ക്ക് ഒത്തുചേരണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.
മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലായിരുന്ന കാലത്ത് ബാഫഖി തങ്ങള്‍ക്ക് സ്ഥിരമായി ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്റെ കൊച്ചു പ്രതിയായിരുന്നു അത്. ഏത് സമയത്തും യാത്രയിലായാലും കച്ചവട സ്ഥാപനത്തിലായാലും അതുവഴി അല്ലാഹുവുമായി ബന്ധപ്പെടാനുള്ള സമയം കണ്ടെത്തി.
കാലം ആവശ്യപ്പെട്ട മാറ്റത്തിനൊപ്പം സഞ്ചരിക്കുമ്പോഴും ഇസ്്‌ലാമിന്റെ തന്മയത്വം മുറുകെപിടിക്കുന്നതില്‍ അദ്ദേഹം കണിശത പുലര്‍ത്തി. മറ്റുള്ളവരുടെ വിഷമങ്ങള്‍ക്ക് അറുതിവരുത്തുന്നതിലായിരുന്നു ജീവിതത്തില്‍ ഏറ്റവും വലിയ സുഖം അദ്ദേഹം കണ്ടെത്തിയത്. കോഴിക്കോട്ടെ വര്‍ത്തകപ്രമാണിയായി ഒതുങ്ങിനില്‍ക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്.
ബഹുസ്വര സമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം ജീവതത്തിലൂടെ പഠിപ്പിച്ചു. കോഴിക്കോട് നടുവട്ടം, വാടാനാപള്ളി, തലശ്ശേരി, അങ്ങാടിപ്പുറം തളിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം കാണിച്ച ആത്മാര്‍ഥതയും സത്യസന്ധതയും എന്നും നമുക്ക് മാതൃകയാണ്. സഹോദര സമുദായാംഗങ്ങള്‍ വരെ ഉപ്പയെ എന്നും റോള്‍മോഡലായി കാണാന്‍ താല്‍പര്യപ്പെടുന്നത് അദ്ദേഹത്തിന്റെ നിലപാടിലെ കൃത്യത കൊണ്ടാണ്. സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം വിദ്യാഭ്യാസ മുന്നേറ്റമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനായി മതഭൗതിക വിദ്യാഭ്യാസത്തിന് മുസ്്‌ലീം വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിനുള്ള ബാപ്പയുടെ ശാസ്ത്രീയമായ പ്രവര്‍ത്തനമാണ് സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിലേക്കും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബികോളജ് സ്ഥാപിക്കുന്നതിലേക്കും നയിച്ചത്.
1972ല്‍ തിരുനാവായ വച്ച് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 23ാം സമ്മേളനം ബാപ്പ വഫാത്താകുന്നതിനു മാസങ്ങള്‍ക്കു മുമ്പായിരുന്നു. സമ്മേളനത്തിന്റെ മൂന്നു ദിവസങ്ങളിലും ബാപ്പ സജീവമായിത്തന്നെയുണ്ടായിരുന്നു. സമാപന ദിവസം നടന്ന ജനറല്‍ ബോഡിയിലും സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചും ബാപ്പ ചെയ്ത പ്രസംഗങ്ങള്‍ ചിന്തിപ്പിക്കുന്നതായിരുന്നു. ഒരു വിടവാങ്ങല്‍ പ്രസംഗത്തിന്റെ ധ്വനി ആ പ്രസംഗങ്ങളില്‍ പ്രകടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."