തിരുവോണനാളില്‍ മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു
പാലാ: തിരുവോണത്തിന് മദ്യലഹരിയിലെത്തിയ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പാലാ പൂവരണി കളമ്പുകാട് ശിവരാമന്‍ നായര്‍(73) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ രാജേഷ്(38)നെ പൊലിസ് അറസ്റ്റു ചെയ്തു.
തിരുവോണനാളിലും മദ്യപിച്ചെത്തിയതിനെ പിതാവ് ചോദ്യംചെയ്തതിനെതുടര്‍ന്ന് പ്രകോപിതനായ രാജേഷ് അച്ഛനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റുവീണ ശിവരാമന്‍ നായരെ ഉടന്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലിസ് വിവരമറിഞ്ഞത്. ഇതിനിടെ ഇടതുകൈയിലെ ഞരമ്പ് മുറിച്ച് രാജേഷ് ആത്മഹത്യയ്ക്കു ശ്രമിച്ചു. പൊലിസ് ഇയാളെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിരം മദ്യപാനിയായിരുന്ന രാജേഷ് മാതാപിതാക്കളെയും ഭാര്യയേയും ഉപദ്രവിക്കാറുണ്ടായിരുന്നു.
ഉപദ്രവം ഭയന്ന് ശിവരാമന്‍ നായര്‍ മുരിക്കുംപുഴയിലെ റേഷന്‍കടയോടു ചേര്‍ന്നുള്ള മുറിയിലും ഭാര്യ നിര്‍മ്മല ദേവി പള്ളിക്കത്തോട് കടയനിക്കാടുള്ള സ്വന്തം വീട്ടിലുമാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്.
തിരുവോണത്തിന് കൊച്ചുമക്കളെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു രണ്ടുപേരും. ശിവരാമന്‍ നായര്‍ മുരിക്കുംപുഴയില്‍ റേഷന്‍കട വ്യാപാരിയാണ്. നിര്‍മ്മലാദേവി(ഓമന)യാണ് ശിവരാമന്‍ നായരുടെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."