'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്
ചെന്നൈ: ഒരു മാസം നീണ്ട ആവേശം വിതറിയ പരസ്യപ്രചാരണം അവസാനിച്ചെങ്കിലും തമിഴ്നാട്ടിൽ വോട്ടെടുപ്പിന് തലേന്ന് അരങ്ങേറുന്നത് വോട്ടിന് കോഴ നൽകുന്ന നാടകീയ രംഗങ്ങൾ. നിശബ്ദ പ്രചാരണ ദിനത്തിൽ ചെന്നൈയിലും പരിസര മണ്ഡലങ്ങളിലും കോടികളാണ് പിടിച്ചെടുത്തത്. ഇതിനിടെ പണം വിതരണം ചെയ്യുന്നതിൽ വിവേചനമുണ്ടെന്നാരോപിച്ച് സ്ഥാനാർത്ഥിയുടെ വീട് സ്ത്രീകൾ തടഞ്ഞത് ഡി.എം.കെ സഖ്യത്തെ പ്രതിരോധത്തിലാക്കി.
പണം നൽകാത്തതിന് പ്രതിഷേധം:
തിരുനെൽവേലി പാളയംകോട്ടയിൽ ഡി.എം.കെ സ്ഥാനാർത്ഥി അബ്ദുൾ വഹാബിന്റെ വീടിന് മുന്നിലാണ് സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്. സമീപത്തെ വീടുകളിൽ 1000 രൂപ വീതം വിതരണം ചെയ്തെന്നും തങ്ങൾക്ക് എന്തുകൊണ്ട് പണം നൽകുന്നില്ലെന്നുമാണ് പ്രതിഷേധക്കാരുടെ ചോദ്യം.
ചെന്നൈയിൽ 2 കോടി പിടിച്ചു:
ചെന്നൈ മൈലാപ്പൂരിലെ ഡി.എം.കെ സ്ഥാനാർത്ഥി ഡി. വേലുവിന്റെ സഹായിയുടെ വീട്ടിൽ നിന്ന് 2 കോടി രൂപ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. വീടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 500 രൂപയുടെ നോട്ടുകെട്ടുകൾ.
കുക്കർ ഉപേക്ഷിച്ച് മുങ്ങി:
കരൂരിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ച 72 പ്രഷർ കുക്കറുകൾ ഫ്ലയിംഗ് സ്ക്വാഡിനെ കണ്ടതോടെ എ.ഐ.എ.ഡി.എം.കെ നേതാക്കൾ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യം:
സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിൽ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി അമ്മൻ കെ. അർജുനൻ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോടികൾ വിതരണം ചെയ്തിട്ടും നടപടിയില്ലെന്നാണ് ആരോപണം.
1261 കോടി പിടിച്ചെടുത്തു:
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ പണവും സമ്മാനങ്ങളുമായി 1261 കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് അറിയിച്ചു. ഒരു വോട്ടിന് 1000 മുതൽ 5000 രൂപ വരെ പ്രധാന മുന്നണികൾ നൽകുന്നതായാണ് റിപ്പോർട്ടുകൾ. പണം വ്യാപകമായി വിതരണം ചെയ്ത സാഹചര്യത്തിൽ ആലങ്കുളം, മൈലാപ്പൂർ, തിരുമംഗലം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് അഴിമതിവിരുദ്ധ സംഘടനയായ 'അറപ്പോർ ഇയക്കം' ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ എന്നും വിവാദമായിട്ടുള്ള 'തിരുമംഗലം ഫോർമുല'യ്ക്ക് സമാനമായ നീക്കങ്ങളാണ് ഇത്തവണയും നിശബ്ദ പ്രചാരണ ദിനത്തിൽ അരങ്ങേറുന്നതെന്നാണ് വിലയിരുത്തൽ. നാളെയാണ് തമിഴ്നാട് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."