യുഎസ് ഉപരോധം പാളി; നാവിക വലയം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ പുതിയ നാവിക ഉപരോധം ദുർബലമെന്ന് സൂചന. ഉപരോധം ആരംഭിച്ച ശേഷം ഒരു ഇറാനിയൻ കപ്പൽ പോലും കടന്നുപോയിട്ടില്ലെന്ന വൈറ്റ് ഹൗസിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചരക്ക് കപ്പൽ ഡാറ്റാ ട്രാക്കിങ് ഏജൻസിയായ വോർടെക്‌സയെ (Vortexa) ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസാണ് ഈ വിവരം പുറത്തുവിട്ടത്.
ചുരുങ്ങിയത് 34 ഇറാനിയൻ ബന്ധമുള്ള ടാങ്കറുകളെങ്കിലും യുഎസ് നാവികസേനയുടെ കണ്ണുവെട്ടിച്ച് യാത്ര തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 13-നാണ് ഇറാനുമേൽ അമേരിക്ക കടുത്ത നാവിക ഉപരോധം ഏർപ്പെടുത്തിയത്.
ഉപരോധം നിലവിൽ വന്ന ശേഷം 19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്തുകടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തു.പുറത്തുപോയ കപ്പലുകളിൽ ആറെണ്ണത്തിൽ കുറഞ്ഞത് 10.7 ദശലക്ഷം ബാരൽ ഇറാനിയൻ അസംസ്‌കൃത എണ്ണയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് അന്താരാഷ്ട്ര വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറാൻ വിൽപന നടത്തിയതായും സംശയിക്കുന്നു.
ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കർ 'ഡോറെന' (Dorena) ട്രാക്കിങ് ഉപകരണങ്ങൾ ഓഫാക്കിയാണ് ഉപരോധം മറികടന്നത്. ഈ കപ്പൽ അവസാനമായി രേഖപ്പെടുത്തിയത് ഏപ്രിൽ 18-ന് ഇന്ത്യയുടെ തെക്കൻ തീരത്താണ്.
യുഎസ് അവകാശവാദം:
ഇതുവരെ 28 കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചതായും ചൈനയിൽ നിന്നുള്ള ഒരു കപ്പൽ പിടിച്ചെടുത്തതായും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നു. ഉപരോധം വൻ വിജയമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവർത്തിച്ചു.
ഇന്ത്യയുടെ തീരത്തും സാന്നിധ്യം:
ഉപരോധം മറികടന്ന ഇറാനിയൻ സൂപ്പർടാങ്കറുകൾ ഇന്ത്യൻ സമുദ്രമേഖലയിലൂടെ സഞ്ചരിക്കുന്നുവെന്നത് ആഗോളതലത്തിൽ ശ്രദ്ധേയമായിട്ടുണ്ട്. അമേരിക്കൻ നാവികസേനയുടെ കർശന നിരീക്ഷണം നിലനിൽക്കെയാണ് ട്രാക്കിങ് സംവിധാനങ്ങൾ അപ്രത്യക്ഷമാക്കി ഇറാൻ തങ്ങളുടെ എണ്ണ വ്യാപാരം തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."