'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്
പുണെ: വിവാഹം കഴിക്കാൻ വേണ്ടി പോലീസ് ഉദ്യോഗസ്ഥനായി വേഷംകെട്ടിയ യുവാവ് ഒടുവിൽ യഥാർത്ഥ പൊലിസിന്റെ പിടിയിലായി. പുണെ നർഹെ റോഡ് സ്വദേശിയായ ഋഷികേശ് രാജു ജാദവ് (26) എന്ന പച്ചക്കറി വ്യാപാരിയാണ് വിചിത്രമായ തട്ടിപ്പിന് മുതിർന്നത്. വർഷങ്ങളായി വിവാഹം നടക്കാത്തതിലുള്ള നിരാശയാണ് ഇയാളെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.
തനിക്ക് പൊലിസ് ഉദ്യോഗസ്ഥനായി ജോലി ലഭിച്ചെന്ന് നാട്ടുകാരെയും പെണ്ണുകാണാൻ വരുന്നവരെയും വിശ്വസിപ്പിക്കാനായിരുന്നു യുവാവിന്റെ നീക്കം. ഇതിനായി പൊലിസ് യൂണിഫോം തുന്നിക്കുകയും സ്റ്റൈലിൽ ഫോട്ടോയെടുക്കുകയും ചെയ്തു.
കുടുക്കിയത് ആവേശത്തിന് വെച്ച ഫ്ലക്സ് ബോർഡുകൾ
പൊലിസ് വേഷത്തിലുള്ള ഫോട്ടോ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതിന് പിന്നാലെ, താൻ പൊലിസിലായെന്ന് പ്രഖ്യാപിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ വലിയ ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചു.
നഗരത്തിലെ അനധികൃത ബാനറുകൾ നീക്കം ചെയ്യുന്നതിനിടെയാണ് ഋഷികേശിന്റെ ഫ്ലക്സ് ബോർഡുകൾ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. യൂണിഫോമിലെ ചില പിശകുകളും ബോർഡിലെ വാചകങ്ങളും കണ്ടതോടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.
പൊലിസ് റെക്കോർഡുകൾ പരിശോധിച്ചപ്പോൾ അങ്ങനെയൊരു ഉദ്യോഗസ്ഥൻ സേനയിലില്ലെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ പച്ചക്കറി വ്യാപാരിയാണെന്നും പെണ്ണുകിട്ടാൻ വേണ്ടി ചെയ്തതാണെന്നും ഇയാൾ സമ്മതിച്ചു.
സർക്കാർ ഉദ്യോഗസ്ഥനായി ചമഞ്ഞതിനും ആൾമാറാട്ടം നടത്തിയതിനും ഋഷികേശിനെതിരെ പൊലിസ് കേസെടുത്തു. നഗരമാകെ വെച്ച ഫ്ലക്സ് ബോർഡുകൾ തന്നെ ഒടുവിൽ പ്രതിക്ക് വിനയാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."