പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്
കുവൈത്ത് സിറ്റി: പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച അഭിഭാഷകന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് അപ്പീൽ കോടതി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചതിനാണ് നടപടി.
പൗരത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട സെൻസിറ്റീവ് കേസുകളിൽ ഔദ്യോഗിക തെളിവുകളുടെ പിന്തുണയില്ലാത്ത അവകാശവാദങ്ങൾ അഭിഭാഷകൻ മനഃപൂർവ്വം പ്രചരിപ്പിച്ചുവെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് കണ്ടെത്തിയിരുന്നു. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള പരിധി ലംഘിച്ച് പൊതുജനങ്ങളെ സ്വാധീനിക്കാനും അസ്വസ്ഥതയുണ്ടാക്കാനും പ്രതി ശ്രമിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
നിയമാനുസൃതമായ വിമർശനങ്ങളെ മറികടന്ന് കുവൈത്ത് അമീറിന്റെ പ്രത്യേക അധികാരപരിധിയിലുള്ള കാര്യങ്ങളിൽ കടന്നുകയറുന്ന തരത്തിലായിരുന്നു പ്രതിയുടെ ചില പോസ്റ്റുകളെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങൾ പാലിക്കാത്തതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റുകളെന്നും വിധിയിൽ പറയുന്നു.
കർശന നിയമനടപടി
ഇലക്ട്രോണിക് പ്രസിദ്ധീകരണ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കുവൈത്തിന്റെ ഭേദഗതി ചെയ്ത നിയമപ്രകാരം പുറപ്പെടുവിച്ച ആദ്യത്തെ പ്രധാന വിധിന്യായങ്ങളിൽ ഒന്നാണിത്. ഓൺലൈൻ വഴി സ്ഥിരീകരിക്കാത്ത വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ രാജ്യം പുലർത്തുന്ന കർശന നിലപാടിന് ഈ വിധി അടിവരയിടുന്നു.
കുവൈത്തിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ച ഈ കേസ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് നൽകുന്നത്.
a prominent lawyer in kuwait has been sentenced to three years in prison for spreading false information related to citizenship. authorities stressed strict action against misinformation, reinforcing legal measures to protect public order and maintain trust in official information channels.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."