തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തിനിടയിലും തൃശൂർ പൂരം ഉപേക്ഷിക്കാതെ, ചടങ്ങുകളോടെ നടത്താൻ ധാരണയായി. വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി പൂരം നടത്തണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ നിലപാടിന് പിന്നാലെ തിരുവമ്പാടിയും സമാനമായ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. നാളെ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിക്കും.
പൂരം നടത്തിപ്പിലെ പ്രധാന തീരുമാനങ്ങൾ:
- ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന് ഇരു ദേവസ്വങ്ങളും ഏകകണ്ഠമായി തീരുമാനിച്ചു.
- വ്യാഴാഴ്ച വരെ ദുഃഖാചരണം തുടരും.
- വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്താനാണ് നിലവിലെ ആലോചന.
നാളെ രാവിലെ 10.30-ന് ജില്ലാ കളക്ടറേറ്റിൽ മന്ത്രി വി.എൻ. വാസവൻ വിളിച്ചുചേർത്ത യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട ശേഷം സർക്കാർ നിലപാട് പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
മുണ്ടത്തിക്കോട് ദുരന്തം: മരണസംഖ്യ 14 ആയി
മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടനത്തിൽ ഇതുവരെ 14 പേരുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 13 പേരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.4 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സംഭവസ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായുള്ള പരിശോധന പൂർത്തിയായി. ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് നിർണ്ണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വത്തിന്റെ ആഘോഷ കമ്മിറ്റി ഭാരവാഹികൾ കൂടി അപകടത്തിൽപ്പെട്ടത് ദേവസ്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എങ്കിലും പാരമ്പര്യം മുടങ്ങാതെ, എന്നാൽ ആഘോഷങ്ങൾ ഒഴിവാക്കി പൂരം നടത്താനാണ് ഭക്തജനങ്ങളുടെയും ദേവസ്വങ്ങളുടെയും പൊതുവികാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."