ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം
ലഖ്‌നൗ: ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ 40 റൺസിനാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ, രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ 119 റൺസിന് കൂടാരം കയറി.
ബാറ്റർമാരുടെ 'ഡക്ക്' പരേഡ്; തകർന്ന് ലഖ്‌നൗ
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗവിന് തുടക്കം മുതൽ പിഴച്ചു. സ്‌കോർ ബോർഡിൽ 11 റൺസ് എത്തുമ്പോഴേക്കും മൂന്ന് മുൻനിര വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ആയുഷ് ബദോനി, ക്യാപ്റ്റൻ ഋഷഭ് പന്ത്, മാർക്രം എന്നിവർ അക്കൗണ്ട് തുറക്കും മുൻപേ മടങ്ങിയത് ലഖ്‌നൗവിന് വൻ തിരിച്ചടിയായി.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മിച്ചൽ മാർഷ് (41 പന്തിൽ 55) നടത്തിയ പോരാട്ടമാണ് ലഖ്‌നൗവിനെ നൂറ് കടത്തിയത്. നിക്കോളാസ് പുരാൻ (22), ഹിമ്മത്ത് സിങ് (15) എന്നിവർ അല്പനേരം പിടിച്ചുനിന്നെങ്കിലും ആർച്ചറുടെ വേഗതയ്ക്ക് മുന്നിൽ പതറി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജോഫ്ര ആർച്ചറാണ് ലഖ്‌നൗവിന്റെ നടുവൊടിച്ചത്.
രാജസ്ഥാൻ രക്ഷകനായി ജഡേജ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 32 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ അവരെ ക്യാപ്റ്റൻ റിയാൻ പരാഗും (20) ഷിമ്രോൺ ഹെറ്റ്മയറും (22) ചേർന്ന് കരകയറ്റാൻ ശ്രമിച്ചു. എന്നാൽ ഇരുവരും വേഗത്തിൽ മടങ്ങിയതോടെ രാജസ്ഥാൻ വീണ്ടും സമ്മർദ്ദത്തിലായി.
ആറാം വിക്കറ്റിൽ ഒന്നിച്ച രവീന്ദ്ര ജഡേജയും ഡൊണോവൻ ഫെരേരയും (20) ചേർന്നാണ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജഡേജ 29 പന്തിൽ 43 റൺസുമായി ടോപ്പ് സ്‌കോററായി. ശുഭം ദുബെയുടെ (11 പന്തിൽ 19) പിന്തുണയോടെ രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റിന് 159 റൺസെന്ന ഭേദപ്പെട്ട നിലയിലെത്തി. ലഖ്‌നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്‌സിൻ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."