ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ലോൺ ആപ്പിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പിനും മാനസിക പീഡനത്തിനും ഇരയായതിന് 150ലേറെ പേർ. ചെറിയ തുകയ്ക്ക് വായ്പയെടുത്തവരാണ് ഭീഷണിക്കുരുക്കിനെ തുടർന്ന് പോലിസിൽ പരാതിയുമായി എത്തിയത്. ജാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തട്ടിപ്പുകൾക്ക് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഐ.പി വിലാസം വച്ചും എ.ടി.എമ്മിൽ നിന്നു പണമെടുത്തതും അടിസ്ഥാനമാക്കിയായിരുന്നു പൊലിസ് പരിശോധന നടത്തിയത്. ഈ തട്ടിപ്പു സംഘങ്ങൾ മറ്റു സൈബർ തട്ടിപ്പുകളിലും സജീവമായവരാണ്. സമൂഹമാധ്യമങ്ങളിലൂടെ വരുന്ന വായ്പാ പരസ്യങ്ങളിൽ ക്ലിക് ചെയ്താണ് കൂടുതൽ പേരും ലോൺ ആപ്പിലേക്ക് എത്തുന്നത്. ഇത്തരത്തിൽ ആപ്പുകളിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവരുടെ അക്കൗണ്ടുകളിലേക്ക് എത്തിയത് മറ്റേതെങ്കിലും സൈബർ തട്ടിപ്പുവഴി ലഭിച്ച പണമാണെന്നും തെളി ഞ്ഞിട്ടുണ്ട്.
മുന്നറിയിപ്പുമായി പൊലിസ്
ലോൺ ആപ്പ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി പൊലിസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന കാലമാണിതെന്നും അത്തരത്തിലുള്ള ഒരു കെണിയിലും അകപ്പെടരുതെന്നും കേരള പൊലിസ് മുന്നറിയിപ്പ് നൽകുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പേരിൽ ഇത്തരം ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽപെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്.
ഗാലറി പങ്കുവയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവർ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ല. മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണിൽ നിന്ന് അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചേക്കാം. ഫോട്ടോയും മറ്റും കൈക്കലാക്കിയേക്കും. വായ്പ നൽകിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ ഉപയോഗിച്ചേക്കാം. ഇത്തരം ലോൺ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുതെന്നും ഇത്തരം തട്ടിപ്പുകളിൽപെട്ടാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ സൈബർ പൊലിസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."