പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ആറു മരണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുള്‍ത്താനിനടുത്തു രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്കു പരുക്കേറ്റു. മുള്‍ത്താനില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ഷെര്‍ഷാഹ് ഏരിയയിലെ ബക്ക് റെയില്‍വെ സ്റ്റേഷനടുത്തായിരുന്നു അപകടം. കറാച്ചിയില്‍നിന്നു പെഷവാറിലേക്കു പുറപ്പെട്ട അവാം എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്. ഈ ട്രെയിന്‍ മറ്റൊരു ചരക്കു തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പാകിസ്താന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടം നടന്നത്. സംഭവത്തില്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റവരില്‍ പത്തിലേറെ പേരുടെ നില അതീവ ഗുരുതരമാണ്. പെരുന്നാള്‍ അവധിയും സംഭവസ്ഥലത്ത് ഇരുട്ടായതും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ട്രെയിനുകളുടെ അവശിഷ്ടങ്ങള്‍ക്കിയടില്‍ കുടുങ്ങിയ ഒട്ടേറെ പേരെ പുറത്തെടുത്തിട്ടുണ്ടെങ്കിലും തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റവരെ മുള്‍ത്താനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ചരക്കു തീവണ്ടി കടന്നുപോകുന്നതിനിടെ ഒരാള്‍ കുറുകെ ഓടുകയും ട്രെയിന്‍ തട്ടി മരിക്കുകയും ചെയ്തതാണ് അപകട കാരണമെന്ന് അധികൃതര്‍ പറയുന്നു. അപകടം നടന്നതോടെ മൃതദേഹം പുറത്തെടുക്കുന്നതിനായി ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഈ സമയത്താണ് അതേ പാളത്തിലൂടെ പിറകില്‍ പാസഞ്ചര്‍ ട്രെയിന്‍ വന്നതും കൂട്ടിമുട്ടിയതുമെന്നാണ് വിശദീകരണം. കൂട്ടിമുട്ടലില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികള്‍ പാളംതെറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിദഗ്ധാന്വേഷണത്തിന് പാകിസ്താന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."