ഗോവിന്ദച്ചാമിക്ക് ഏവരും പ്രതീക്ഷിച്ചത് കടുത്ത ശിക്ഷ
കൊച്ചി: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് സംശയത്തിന്റെ ആനുകൂല്യത്തില്‍ വധശിക്ഷ ഇളവുചെയ്തപ്പോള് കൊടുംകുറ്റവാളിയെ കോടതി വെറുതെവിട്ടെന്ന പ്രതീതിയാണ് ഏവര്‍ക്കും. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഇയാള്‍ക്കെതിരേ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. താവളം മാറ്റുന്നതോടൊപ്പം പേരുംമാറ്റിയാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയിരുന്നത്. ചാര്‍ളി,രമേഷ്,രാജ,കൃഷ്ണന് എന്നീ പേരുകളിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. വിവിധ കേസുകളില്‍ താമ്പരം, സേലം, പഴനി, ഈറോഡ്, കടലൂര്‍, തിരുവള്ളൂര്‍ എന്നിവിടങ്ങളില കോടതികളില്‍ നിന്നെല്ലാം ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ കിടന്നിട്ടുണ്ട്. കേസുകള്‍ മിക്കതും തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ജയില്‍വാസവും കുറച്ചുകാലത്തേക്കായിരുന്നു. എന്നാല്‍ സൗമ്യവധക്കേസില്‍ തൃശൂര്‍ അതിവേഗകോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തതോടെ ഗോവിന്ദച്ചാമി എന്ന കൊടുംകുറ്റവാളിക്ക് കടുത്തശിക്ഷ ലഭിക്കുമെന്ന് കരുതി. സുപ്രിം കോടതിയിലേക്ക് കേസ് പോയപ്പോഴും വധശിക്ഷതന്നെയായിരുന്നു ഏവരുടെയും പ്രതീക്ഷ.
സൗമ്യ വധക്കേസില്‍ പിടിയിലായ ഗോവിന്ദച്ചാമി ആദ്യം പൊലിസിനെ മേല്‍വിലാസം തെറ്റായി പറഞ്ഞ് വട്ടംകറക്കുകയായിരുന്നു. ഇയാള്‍ നല്കിയ തമിഴ്നാട്ടിലെ വിലാസം വ്യാജമായിരുന്നു. തുടര്‍ന്ന് സേലത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങളേറെയും. സേലം, ഈറോഡ് റെയില്വേസ്റ്റേഷനുകളില് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗോവിന്ദച്ചാമിക്ക് പുതിയ മേച്ചില്‍പ്പുറം കണ്ടത്തേണ്ടിവന്നു. തുടര്‍ന്ന് ഷൊര്‍ണ്ണൂരിലേക്ക് തന്റെ താവളം മാറ്റുകയായിരുന്നു. ഇവിടെ നിരവധി കവര്‍ച്ചകള്‍ നടത്തിയെങ്കിലും തന്റെ അംഗവൈകല്യം ഇയാള്‍ക്ക് പലപ്പോഴും തുണയായി. ട്രെയിനില്‍ യാത്രക്കാരെ ഉപദ്രവിച്ച് പണം കൈക്കലാക്കുന്ന രീതിയായിരുന്നു ഇയാള്‍ പലപ്പോഴും സ്വീകരിച്ചിരുന്നത്. ഇത്തരം ഒരു കേസില്‍ സേലം കോടതിയില്‍ വിചാരണ നടക്കവെ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ ചരിത്രവും ഇയാള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."