സുപ്രിം കോടതിയില്‍ തന്റെ വിലയിരുത്തലുകള്‍ മുഖവിലക്കെടുത്തില്ല: ഡോ. ഷെര്‍ലി വാസു
കൊച്ചി: സുപ്രിം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്റെ വിലയിരുത്തലുകള്‍ മുഖവിലക്കെടുത്തില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. ഷെര്‍ലി വാസു. സൗമ്യയുടെ ശരീരത്തിലുണ്ടായ ഓരോ പരുക്കും എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അബദ്ധത്തില്‍ വീണപ്പോഴോ എടുത്ത് ചാടിയപ്പോഴോ ഉണ്ടാകുന്ന പരുക്കുകള്‍ സൗമ്യക്ക് ഉണ്ടായിരുന്നില്ല. സുബോധത്തില്‍ തള്ളിയിടുമ്പോള്‍ ഉണ്ടാകുന്ന പരുക്കുകളും സൗമ്യക്ക് ഉണ്ടായിരുന്നില്ല. അതേസമയം, ട്രെയിനിനുള്ളില്‍വച്ച് തന്നെ സൗമ്യ ആക്രമിക്കപ്പെട്ടിരുന്നു.
സൗമ്യയുടെ കഴുത്തില്‍ അഞ്ചു വിരല്‍പാടുകള്‍ അമര്‍ന്നിട്ടുണ്ട്. തലമുടിക്ക് കുത്തിപ്പിടിച്ച് ആറു പ്രാവശ്യം നെറ്റി ട്രെയിനിനുള്ളിലെ കട്ടിയുള്ള പ്രതലത്തില്‍ ഇടിപ്പിച്ചിട്ടുണ്ട്. നെറ്റിയുടെ ഇടതു ഭാഗത്തേറ്റ ക്ഷതത്താല്‍ അര്‍ധ അബോധാവസ്ഥയിലായ സൗമ്യയെ ട്രെയിനില്‍ നിന്നും താഴെയിടുകയായിരുന്നു. ട്രെയിന്‍ പാളം മാറുമ്പോള്‍ വേഗതകുറയക്കുമെന്ന് മനസിലാക്കിയ പ്രതി അത് ഉപയോഗപ്പെടുത്തി സൗമ്യയെ താഴെയിടുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മുന്നോട്ടുവച്ച തെളിവുകള്‍ ഹൈക്കോടതിയില്‍ അംഗീകരിക്കപ്പെട്ടുവെങ്കിലും സുപ്രിം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റി.
സുപ്രിം കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരു ഘട്ടത്തിലും തന്നോടോ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച അഭിഭാഷകനോടോ കേസിന്റെ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ഡോ. ഷെര്‍ളി വാസു പറഞ്ഞു. 30 വര്‍ഷമായി പോസ്റ്റ്‌മോര്‍ട്ടം മാത്രം നടത്തുന്ന തനിക്ക് ഒരു മുറിവ് കണ്ടാല്‍ അത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായി വിലയിരുത്താനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ മുറിവിന്റെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച തിരുത്തലുകളില്ലാത്ത റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് നാലുദിവസം വിചാരണ കോടതിയില്‍ തുടര്‍ച്ചയായി മൊഴി നല്‍കി കോടതിയുടെ സംശയങ്ങള്‍ തീര്‍ത്തതുമാണ്. ഹൈക്കോടതിയും തന്റെ വിലയിരുത്തലുകള്‍ മുഖവിലക്കെടുത്തു. എന്നാല്‍, സുപ്രിം കോടതിയില്‍ മാത്രം ഇതുണ്ടായില്ല. എത്ര ദിവസം വേണമെങ്കിലും ഏത് കോടതിയിലും മൊഴി നല്‍കാന്‍ താന്‍ തയാറായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും ഒരാള്‍ ചാടിയതായിട്ടോ വീണതായിട്ടോ ആയിരിക്കാം സാക്ഷികള്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ടാകുന്നതുകൊണ്ടാണ് ശാസത്രീയ തെളിവുകള്‍ നോക്കുന്നത്. താന്‍ മുന്നോട്ടുവച്ച തെളിവുകള്‍ യാദൃശ്ചികമായി കണ്ടതല്ല മറിച്ച് പരിശോധനയില്‍ വ്യക്തമായതാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."