വിധിയില്‍ നിരാശയോടെ കേരളം
തൃശൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കാനുള്ള പ്രധാനകാരണം സൗമ്യയുടെ മരണമൊഴി രേഖപ്പെടുത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ഹിതേഷ് ശങ്കറിന്റെ എക്‌സ്ട്രാ ജുഡീഷ്യല്‍ മൊഴി കോടതിയില്‍ കൃത്യമായി ധരിപ്പിക്കാന്‍ പ്രോസിക്യൂഷനാകാത്തതാണെന്ന് വിലയിരുത്തല്‍. നേരിട്ട് ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സൗമ്യയെ ചികിത്സിച്ച ഡോ. ഹിതേഷ് ശങ്കറിന് മുന്നില്‍ പ്രതി നടത്തിയ എക്‌സ്ട്രാ ജുഡീഷ്യല്‍ മൊഴി കൂടി കണക്കിലെടുത്താണ് അതിവേഗ കോടതി ആദ്യം പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നത്. അതേസമയം ശരിയായ തെളിവുകള്‍ ഹാജരാക്കിയിരുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ വാദം സുപ്രിം കോടതി വിശ്വസിക്കുമായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂരും പറഞ്ഞു.
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ സൗമ്യ നാലു ദിവസത്തിന് ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ അര്‍ധബോധാവസ്ഥയിലും തന്നെ ആക്രമിച്ചത് ഒരു ഒറ്റക്കൈയനാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രതി ഗോവിന്ദച്ചാമിയെ ആശുപത്രിയിലേക്ക് കൊണ്ടുവരികയും വിശദമായി പരിശോധിക്കുകയും ചെയ്തു. പ്രതിയുടെ നെഞ്ചിലും പുറത്തും മാന്തിപ്പറിച്ച പാടുകളുണ്ടായിരുന്നു. കൂടാതെ പ്രതിയുടെ സ്വാധീനമുള്ള വലതുകൈ ശാസ്ത്രീമായി തന്നെ പരിശോധിച്ച് ബലം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
ലാബ് ടെക്‌നീഷ്യന്‍ രക്തസാമ്പിള്‍ ശേഖരിക്കവേ പ്രതിയിലുണ്ടായ ശാരീരിക മാറ്റങ്ങള്‍ ഒരു പെണ്‍കുട്ടിയെ ശാരീരകമായി കീഴ്‌പ്പെടുത്താന്‍ ആവും വിധം കഴിവ് പ്രതിക്ക് ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു.
തുടര്‍ന്നാണ് ഡോക്ടര്‍ക്ക് മുന്നില്‍ താന്‍ തന്നെയാണ് കൃത്യം നടത്തിയതെന്നും ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ സൗമ്യ എതിര്‍ത്തതാണ് മോഷണത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നുമുള്ള കുറ്റസമ്മതം ഗോവിന്ദച്ചാമി നടത്തിയത്. ഇതിനിടെ അതിവേഗ കോടതിയിലെ വിചാരണക്കിടെ ഇതേ ഫോറന്‍സിക് സംഘത്തില്‍പ്പെട്ട ഡോ. ഉന്മേഷ് കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയത് ഏറെ വിവാദമായി. ഫോറന്‍സിക് വകുപ്പ് മേധാവി ഡോക്ടര്‍ ഷെര്‍ലി വാസുവാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഷെര്‍ലി വാസു പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നുമായിരുന്നു ഉന്മേഷിന്റെ മൊഴി. ഇതോടെ ഉന്മേഷിനെതിരേ കേസെടുത്തിരുന്നു.
ഒടുവില്‍ ഗോവിന്ദച്ചാമി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ കേസ് അതുവരെ നടത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷിനെ മാറ്റിനിര്‍ത്തിയതും പ്രതിഭാഗത്തിന് നേട്ടമായി. എന്നാല്‍ സുപ്രിം കോടതിയില്‍ ശരിയായ തെളിവുകള്‍ ഹാജരാക്കുകയും കൃത്രിമ രേഖകള്‍ ഹാജരാക്കുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ വാദം സുപ്രിം കോടതി വിശ്വസിക്കുമായിരുന്നെന്ന്് തൃശൂര്‍ സ്വദേശിയും പ്രതിഭാഗം അഭിഭാഷകനുമായ അഡ്വ. ബി.എ ആളൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."