കാവേരി പ്രശ്‌നം: തമിഴ്‌നാട് ഹര്‍ത്താല്‍ പൂര്‍ണം
ഗൂഡല്ലൂര്‍: വിവിധ തമിഴ് സംഘടനകള്‍ ആഹ്വാനം ചെയ്ത തമിഴ്‌നാട് ഹര്‍ത്താല്‍ പൂര്‍ണം. കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ തമിഴ്‌നാട്ടില്‍ ഹര്‍ത്താല്‍ ആചരിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
ഗൂഡല്ലൂര്‍, ഊട്ടി, കുന്നൂര്‍, കോത്തഗിരി, മഞ്ചൂര്‍, പന്തല്ലൂര്‍, ദേവര്‍ഷോല, ബിദര്‍ക്കാട്, പാട്ടവയല്‍, പാടന്തറ, നാടുകാണി, ദേവാല, ചേരമ്പാടി, എരുമാട്, ഓവാലി, അയ്യംകൊല്ലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഓട്ടോ-ജീപ്പ് ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ബസുകളും ചില സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില കുറവായിരുന്നു. പെട്രോള്‍ പമ്പുകളും ഹോട്ടലുകളും അടച്ചിട്ടത് കേരളത്തില്‍ നിന്നും നീലഗിരിയിലെത്തിയ സഞ്ചാരികളെ പ്രയാസത്തിലാക്കി. ഹര്‍ത്താല്‍ വിവരം അറിയാത്തവരാണ് ദുരിതത്തിലായത്. ജില്ലയിലെങ്ങും കനത്ത പൊലിസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പൊലിസ് വാഹനങ്ങള്‍ നഗരത്തിലൂടെ റോന്ത് ചുറ്റുകയും ചെയ്തിരുന്നു.
അതേസമയം കേരള സര്‍ക്കാര്‍ ബസുകള്‍ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്തിയില്ല. കര്‍ണാടകയില്‍ തമിഴരുടെ വാഹനങ്ങള്‍ കത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക, വാഹനങ്ങളുടെ ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പ്രശ്‌നം പരിഹരിക്കുക, കര്‍ണാടകയിലെ തമിഴരുടെ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തിയിരുന്നത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ കര്‍ണാടക- തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് ദിവസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനെത്തുടര്‍ന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നത്. കാവേരി നദിയില്‍ നിന്ന് 12,000 ക്യൂസെക്‌സ് ജലം ഇരുപത് ദിവസത്തേക്ക് തമിഴ്‌നാടിന് നല്‍കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി വീണ്ടും ഉത്തരവിട്ടിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനങ്ങള്‍ പോലും ഇപ്പോള്‍ പൊലിസ് അതിര്‍ത്തി കടത്തിവിടുന്നില്ല. അക്രമ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷം നിലനില്‍ക്കുന്നത് കാരണം കര്‍ണാടകയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞിട്ടുണ്ട്.
ഗൂഡല്ലൂര്‍ പഴയബസ്റ്റാന്‍ഡില്‍ ഊട്ടി- മൈസൂര്‍ പാത ഉപരോധിച്ച 54 ഡി.എം.കെ പ്രവര്‍ത്തകരെയും പന്തല്ലൂരില്‍ ഗൂഡല്ലൂര്‍- വൈത്തിരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ച 50 പേരെയും പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഊട്ടിയില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച 50 വിടുതലൈ ശിറുതൈ പ്രവര്‍ത്തകര്‍, എരുമാടില്‍ റോഡ് ഉപരോധിച്ച 18 ഡി.എം.കെ പ്രവര്‍ത്തകര്‍, 17 തമിഴര്‍ ദേശീയ മുന്നണി പ്രവര്‍ത്തകര്‍, ഉപ്പട്ടിയില്‍ സമരം നടത്തിയ 18 നാംതമിഴര്‍, വി സി.കെ പ്രവര്‍ത്തകര്‍ എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഊട്ടി ബസ്റ്റാന്‍ഡില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. വ്യാപാരി സംഘം ഗൂഡല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധിമൈതാനിയില്‍ സമാപിച്ചു.
ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ചലചിത്ര സംഘടനയും, വ്യാപാരി സംഘവും ഉള്‍പ്പടെ 32 തമിഴ് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."