മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം
അബുദബി: മാലിയിലെ വിവിധ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും നടന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. നിരവധി പേരുടെ മരണത്തിന് കാരണമായ അക്രമം ഭീരുത്വമാണെന്നും മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിൽ മാലി സൈന്യവും ഭീകരവാദ ഗ്രൂപ്പുകളും തമ്മിൽ നടന്ന കടുത്ത പോരാട്ടത്തെ തുടർന്നാണ് രാജ്യം പ്രതിസന്ധിയിലായത്. ആക്രമണത്തിൽ മാലി പ്രതിരോധ മന്ത്രി സാഡിയോ കമാര കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും യുഎഇ ശാശ്വതമായി നിരസിക്കുന്നതായി മന്ത്രാലയം ആവർത്തിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും മാലി സർക്കാരിനെയും ജനങ്ങളെയും യുഎഇ അനുശോചനം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. 2020-ലെ അട്ടിമറിക്ക് ശേഷം മാലിയിലെ സൈനിക ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഈ ഭീകരാക്രമണങ്ങൾ വിലയിരുത്തപ്പെടുന്നത്.
uae condemns the terror attack in mali, stating it is an attempt to undermine national security and stability, according to the ministry of foreign affairs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."