സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു
തൃശൂര്‍: ചേലക്കര പുലാക്കോട് സ്വദേശി അന്‍സാറിന്റെ (27) മരണം കൊലപാതകം. സംഭവത്തില്‍ സഹോദരന്‍ പുലാക്കോട് പുളക്കല്‍ വീട്ടില്‍ അന്‍വറിനെ (32) പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അന്‍സാറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാക്കുതര്‍ക്കമാണ് അനിയന്റെ കൊലപാതകത്തില്‍ കലാശിച്ചത്. അന്‍വറും, അന്‍സാറും തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഒരേ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവത്തിന്റെ തുടക്കം. അന്‍വറിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ ഇരുവരും വീട്ടില്‍ തനിച്ചായിരുന്നു. ബസ് കണ്ടക്ടറായ അന്‍വര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളുമൊന്നിച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് കലഹത്തിന് കാരണമായത്.
തര്‍ക്കം രൂക്ഷമായതോടെ ബന്ധുക്കളെത്തി ഇരുവരെയും പിന്തിരിപ്പിച്ചിരുന്നു. പിന്നീട് അന്‍വര്‍ തന്നെ പൊലിസില്‍ വിവരമറിയിക്കുകയും, പൊലിസ് അന്‍വറിനോട് വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്നും പോയ അന്‍വര്‍ പിന്നീട് രാത്രിയോടെ തിരിച്ചെത്തി വീണ്ടും പ്രശ്‌നങ്ങളുണ്ടായെന്നാണ് വിവരം. ഞായറാഴ്ച്ച രാവിലെ കുടുംബത്തിലുള്ളവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കോണിപ്പടിക്ക് സമീപം മരിച്ച് കിടക്കുന്ന അന്‍സാറിനെ കണ്ടെത്തിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് അന്‍വറിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."