ഗുരുവിന്റെ സംഭാവനകളെ പലവിധത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: മന്ത്രി ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട്: ഗുരുവിനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും പല വിധത്തില്‍ വ്യാഖ്യാനിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്നു ഗുരുവിനെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. എന്നാല്‍, ഗുരുവിന്റെ മുമ്പില്‍ ജാതിമത ചിന്തകളൊന്നുമുണ്ടായിരുന്നില്ലെന്നും മനുഷ്യരും ജീവജാലങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഗുരു തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു പോലും വഴികാട്ടിയായത്. ഒരു നൂറ്റാണ്ടു മുമ്പ് നിലനിന്നിരുന്ന ബ്രാഹ്മണ്യത്തെയും പൗരോഹിത്യത്തെയും വെല്ലുവിളിച്ച് അരുവിപ്പുറത്തു ശ്രീനാരായണ ഗുരു നടത്തിയ ശിവപ്രതിഷ്ഠ സാമൂഹ്യ നവോത്ഥാനത്തിന്റെ നാഴികക്കല്ലാണ്. എല്ലാ ദൈവങ്ങള്‍ക്കും സ്വന്തമായി ആളുകളുള്ള ഇന്നത്തെ കാലത്ത് ഓര്‍ക്കാന്‍ പോലും സാധിക്കാത്തതാണു ഗുരുവിന്റെ വിപ്ലവകരമായ പ്രവര്‍ത്തനം.
മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പരസ്പര സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും ഗുരുവിന്റെ സന്ദേശവും ദര്‍ശനവും പ്രചരിപ്പിക്കുന്നതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗ്ലോബല്‍ മിഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.സി ശശീന്ദ്രന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ബ്രഹ്മചാരി ഹരീന്ദ്രനാഥ് ചാത്തമത്ത്, പി.സി വിശ്വംഭരന്‍ പണിക്കര്‍, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി. കെ സുധാകരന്‍, കെ കുമാരന്‍, കെ. ജി കൊടക്കാട്, ടി ബാലകൃഷ്ണന്‍, പി.പി നാരായണന്‍, ഉദിനൂര്‍ സുകുമാരന്‍, നാരായണന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു.
കുളത്തില്‍ മുങ്ങിപ്പോയ കാരി എ.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഹേമന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയ അച്ചാംതുരുത്തി രാജാസ് എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആകാശ്, അക്ഷയ്, ജിതിന്‍ ബാബു, കാരി എ.എല്‍.പി സ്‌കൂളിലെ ആരോമല്‍ എന്നീ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."