ഓണാഘോഷം; പൊലിസ് ജാഗ്രത കനപ്പിച്ചെങ്കിലും കേസുകള്‍ കുറഞ്ഞില്ല
കാഞ്ഞങ്ങാട്: ഓണാഘോഷത്തിനിടയില്‍ സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടാതിരിക്കാന്‍ ഹൊസ്ദുര്‍ഗ് പൊലിസ് കനത്ത ജാഗ്രത പുലര്‍ത്തിയെങ്കിലും ഓണദിവസമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞില്ല. തിരുവോണ ദിവസം ഉണ്ടായ അക്രമസംഭവങ്ങളില്‍ 30 കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. തോയമ്മല്‍, നീലാങ്കര, പാലക്കല്‍, മാണിക്കോത്ത് തുടങ്ങി സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓണനാളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഈ വര്‍ഷം കടുത്ത ബന്തവസ് മേഖലയില്‍ ഏര്‍പ്പെടുത്തിയത്.
അതിനിടെ ലക്ഷ്മി നഗറിലെ രൂപേഷിനെ തലക്കടിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി ശ്രീജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. തിരുവോണ നാളില്‍ ആഘോഷ പരിപാടിക്കിടെ ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കത്തിനിടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."