കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം
മനുഷ്യത്വത്തിന്റെ നേരിയ ഒരു തിരിയെങ്കിലും ഉള്ളില്‍ ശേഷിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദിനമായിരുന്നു അത്. 2026 ഫെബ്രുവരി ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത നാളാവുന്നതും അവരുടെ ഓര്‍മകളിലായിരിക്കും. ലോകശക്തിയായ അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോള്‍ അവര്‍ ആദ്യം തന്നെ ചെയ്ത അതിക്രൂരത. ക്രൂരത എന്ന വാക്ക് പോലും വിറങ്ങലിച്ചു പോയ നിമിഷം. 165 കുഞ്ഞുമക്കളെ ഒരൊറ്റ മിസൈലില്‍ കൊന്നു കളഞ്ഞ നാള്‍. നിനച്ചിരിക്കാതെ തങ്ങള്‍ക്കു മേല്‍ പതിഞ്ഞ മരണത്തീമഴ. മിനബിലെ പ്രൈമറി സ്‌കൂളിന് നേരെയായിരുന്നു അമേരിക്കയുടെ ആക്രമണം.
ഇറാന്റെ ഭരണനേതൃത്വത്തെ ഇല്ലായ്മ ചെയ്യാന്‍ എന്ന പേരില്‍ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ദിനം തന്നെയായിരുന്നു തെക്കന്‍ ഇറാനിലെ മിനാബ് നഗത്തിലെ ഷജേറ തയ്യിബെ എലമെന്ററി ഗേള്‍സ് സ്‌കൂളിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. അന്ന് 160ല്‍ അധികം കുട്ടികള്‍ അവിടെ മരിച്ചുവീണു. കൊലപാതകമെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അറാഗ്ചി ആ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം, യുഎസ് സൈന്യത്തിന് അബദ്ധം പറ്റിയതാണെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ടോമഹോക് മിസൈല്‍ ആയിരുന്നു ആക്രമണം നടത്താന്‍ അമേരിക്ക ഉപയോഗിച്ചത്.
മിനബിലെ കുഞ്ഞുമക്കളുടെ രക്തത്തുള്ളികള്‍ ലോകം ഒരിക്കലും മറന്നു പോവാതിരിക്കാന്‍ പാതി തകര്‍ന്ന ആ കെട്ടിടത്തെ പ്രതിരോധ മ്യൂസിയം ആക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇറാന്‍. ഇറാന്‍ വിദ്യാഭ്യാസ മന്ത്രി അലിറേസ ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അധ്യാപക ദിന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മിനബ് ദുരന്തത്തെക്കുറിച്ചും അതിന്റെ ഓര്‍മ്മകള്‍ പുനര്‍നിര്‍മ്മിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
'മിനാബിലെ ഷാജറേ തയ്യിബെ സ്‌കൂള്‍ ഏറ്റവും മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കണം,' അദ്ദേഹം പറഞ്ഞു. ' ഭയാനകമായ ക്രൂരതയുടെ ബാക്കിപത്രമാണ് ഈ സ്‌കൂള്‍. അതേ സമയം, ഇറാന്റെ ചെറുത്തുനില്‍പ്പിന്റെയും അഭിമാനകരവും ശക്തവുമായ യുദ്ധത്തിന്റെയും ഒരു ശാശ്വത മ്യൂസിയമായി മാറണം ഇത്. ഭാവിയില്‍ രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക, വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി മാറും ഇവിടം.'അദ്ദേഹം വിശദമാക്കി.
ലോകമെമ്പാടുമുള്ള മനുഷ്യരുടെ മനസ്സില്‍ ഒരു തീരാനോവാണ് ഈ സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്ന രാഷ്ട്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നീതി തേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.എസ്-ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ഏകദേശം 1,200 സ്‌കൂളുകളും വിദ്യാഭ്യാസ യൂണിറ്റുകളും തകര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ 800 ല്‍ അധികം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 20 സ്‌കൂളുകള്‍ മാത്രമേ പൂര്‍ണ്ണമായി പൊളിച്ചുമാറ്റേണ്ടി വന്നിട്ടുല്‌ളു. ഇത് പുനര്‍നിര്‍മിക്കേണ്ടതുണ്ട്. അതിനായി പുതിയ ഡിസൈനുകള്‍ തയ്യാറാക്കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്‌റാഈലും തീര്‍ത്തും ഏകപക്ഷീയമായാണ് ഇറാനെതിരെ ഒരു പ്രകോപനമില്ലാത്ത ആക്രമണം ആരംഭിക്കുന്നത്. 3,300 ല്‍ അധികം ഇറാനികള്‍ ഇതിനധികം കൊല്ലപ്പെട്ടു. മിനബ് ആക്രമണത്തില്‍ കുറഞ്ഞത് 175 പേര്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായിരുന്നു.
iran plans to convert a school in minab destroyed during a missile strike that killed over 160 children into a memorial museum highlighting the tragedy and impact of the conflict
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."