ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: വാഹനങ്ങളുടെ വിൻഡ്‌സ്‌ക്രീനിൽ ഫാസ്‌ടാഗ് കൃത്യമായി പതിപ്പിക്കാത്തവർക്കെതിരെ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ടാഗ് ഒട്ടിക്കാതെ കൈയ്യിൽ പിടിച്ചോ മറ്റോ ടോൾ നൽകുന്നവരുടെ ഫാസ്‌ടാഗുകൾ ഇനിമുതൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും സുതാര്യമായ ഇടപാടുകൾ ഉറപ്പാക്കാനുമാണ് ഈ നീക്കം.
എന്തുകൊണ്ട് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിക്കണം?
ടോൾ പ്ലാസകളിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറുകൾക്ക് തടസ്സമില്ലാതെ ഫാസ്‌ടാഗ് സ്‌കാൻ ചെയ്യണമെങ്കിൽ അത് നിശ്ചിത സ്ഥാനത്ത് തന്നെ ഉണ്ടായിരിക്കണം. വിൻഡ്‌സ്‌ക്രീനിൽ ഒട്ടിക്കാതെ കൈയ്യിൽ പിടിക്കുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകുന്നു:
ടാഗ് റീഡ് ചെയ്യാൻ വൈകുന്നത് ടോൾ പ്ലാസകളിൽ വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.
ഒരു വാഹനത്തിലെ ടാഗ് ഊരി മാറ്റി മറ്റ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന തട്ടിപ്പ് തടയാൻ ഇത് സഹായിക്കും.
വരാനിരിക്കുന്ന എ.ഐ അധിഷ്ഠിത ടോൾ സംവിധാനങ്ങൾക്കും ഹൈവേ പദ്ധതികൾക്കും ടാഗുകൾ കൃത്യസ്ഥാനത്ത് ഒട്ടിക്കേണ്ടത് അനിവാര്യമാണ്.
'വാർഷിക പാസ്' തട്ടിപ്പ്: ജാഗ്രത പാലിക്കുക
ഫാസ്‌ടാഗ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും എൻ.എച്ച്.എ.ഐ മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗിക വെബ്‌സൈറ്റുകളെ വെല്ലുന്ന വ്യാജ സൈറ്റുകൾ നിർമ്മിച്ച് 'വാർഷിക പാസ്' (Annual Pass) വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കേണ്ടവ
സർക്കാരിന്റെ ഔദ്യോഗിക ആപ്പായ 'രാജ്മാർഗയാത്ര' (Rajmargyatra) മാത്രം സേവനങ്ങൾക്കായി ഉപയോഗിക്കുക.
സെർച്ച് എഞ്ചിനുകളിൽ കാണുന്ന സ്പോൺസർ ചെയ്ത ലിങ്കുകളോ അപരിചിതമായ മെസ്സേജുകളോ ഒഴിവാക്കുക.
ഒ.ടി.പി (OTP), ബാങ്ക് വിവരങ്ങൾ, ലോഗിൻ ഐഡി എന്നിവ ആരോടും പങ്കുവെക്കരുത്.
പേയ്‌മെന്റുകൾക്ക് മുൻപ് വെബ്‌സൈറ്റ് യു.ആർ.എൽ (URL) കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
ഫാസ്‌ടാഗ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇരട്ടി തുക ടോൾ നൽകേണ്ടി വരുമെന്നതിന് പുറമെയാണ് ഇപ്പോൾ ടാഗ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് എൻ.എച്ച്.എ.ഐ കടക്കുന്നത്.
The National Highways Authority of India (NHAI) has warned that FASTags not properly fixed to a vehicle's windscreen will be blacklisted. Keeping the tag in hand or improperly placing it causes scanning delays and traffic congestion at toll plazas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."