കോട്ടയിലെ ഹോസ്റ്റലുകളിൽ 'ഫാൻ കൂടുകൾ'; ആത്മഹത്യ തടയാൻ വിചിത്ര നടപടി, ദൃശ്യങ്ങൾ വൈറൽ
ജയ്പുർ: വിദ്യാർഥികളുടെ ആത്മഹത്യകൾ തുടർക്കഥയാകുന്ന രാജസ്ഥാനിലെ കോട്ടയിലെ ഹോസ്റ്റലുകളിൽ നിന്നും പുറത്തുവരുന്ന പുതിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഹോസ്റ്റൽ മുറികളിലെ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് പൂർണ്ണമായും മറച്ച നിലയിലുള്ള വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്നത് തടയാൻ ഹോസ്റ്റൽ ഉടമകൾ കണ്ടെത്തിയ 'പുത്തൻ വഴി' എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. ഇതിനോടകം തന്നെ സ്പ്രിങ് ഘടിപ്പിച്ച ആന്റി-സൂയിസൈഡ് ഫാനുകൾ കോട്ടയിൽ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫാനുകളെ ഇരുമ്പ് കൂടിനുള്ളിലാക്കിയ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നത്.
പരിഹാസവും പ്രതിഷേധവും
വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന് പരിഹാരം കാണാതെ ഇത്തരം നടപടികൾ സ്വീകരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
"ഫാൻ വൃത്തിയാക്കാൻ ഇനി എന്ത് ചെയ്യും?", "വിദ്യാർഥികളുടെ സുരക്ഷയിൽ അത്രയും ആശങ്കയുണ്ടെങ്കിൽ ഇവർക്ക് എസി വെച്ചു കൊടുത്തുകൂടേ?" എന്നിങ്ങനെയുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും കമൻ്റുകളിൽ നിറയുകയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ അശാസ്ത്രീയമായ മാറ്റങ്ങളും അമിത സമ്മർദ്ദവുമാണ് ആത്മഹത്യകൾക്ക് കാരണമെന്നും, ഫാൻ കൂട്ടിനുള്ളിലാക്കിയതുകൊണ്ട് വിദ്യാർഥികളുടെ മാനസികാവസ്ഥ മാറില്ലെന്നും പൗരസമൂഹം ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇത് എല്ലാ ഹോസ്റ്റലുകളിലും നടപ്പിലാക്കിയതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഐ.ഐ.ടി.-ജെ.ഇ.ഇ., നീറ്റ് തുടങ്ങിയ കടുത്ത പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളാണ് കോട്ടയിലുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ ആത്മഹത്യ നിരക്ക് വർധിക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
A viral video showing ceiling fans enclosed in iron cages at hostels in Kota, Rajasthan, has sparked intense debate online. Known as India's coaching hub for competitive exams like JEE and NEET, Kota has seen a worrying rise in student suicides.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."