ഫലം ഇന്നറിയാം; എം.എൽ.എമാരിൽ ജനപ്രിയർ ആരെല്ലാം
കൊച്ചി: ജനവിധി തേടുന്ന പതിനഞ്ചാം നിയമസഭയിലെ എം.എൽ എ മാരിലെ ആരെല്ലാമാണ് ജനപ്രിയരായി വീണ്ടും സഭയിലെത്തുകയെന്നത് ഇന്നറിയാം. നാട്ടിക എം.എൽ.എയായ സി.സി മുകുന്ദൻ സി.പി.ഐ വിട്ടു ബി ജെ.പിയിലേക്ക് പോയതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒപ്പം എൻ.ഡി.എയ്ക്കും മത്സരിക്കാൻ സിറ്റിങ് എം.എൽ.എയെ ലഭിച്ചു. ഭരണനേട്ടങ്ങൾക്കൊപ്പം എം.എൽ.എമാരുടെ ജനപിന്തുണ കൂടിയാകുമ്പോൾ മൂന്നാം തുടർ ഭരണം ലഭിക്കുമെന്ന കണക്ക് കൂട്ടലിൽ എൽ ഡി.എഫ് 74 സിറ്റിങ് എം.എൽ.എമാരെയാണ് വീണ്ടും മത്സരിപ്പിച്ചത്.
സി.പി.എം 64 പേരിൽ പലർക്കും ടേം ഇളവ് നൽകി സ്വതന്ത്രർ അടക്കം 56 പേർക്കും അവസരം നൽകിയിരിക്കുകയാണ്. എന്നാൽ സി.പി.ഐ ടേം വ്യവസ്ഥ കർശനമായി നടപ്പാക്കിയതോടെ 17ൽ ഏഴ് പേർക്ക് മാത്രമാണ് അവസരം നൽകിയത്. കേരള കോൺഗ്രസ് (എം) തങ്ങളുടെ അഞ്ച് സിറ്റിങ് എം.എൽ.എമാരെയും മത്സരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എമാരുടെ ജനപിന്തുണയിൽ വിശ്വാസമർപ്പിച്ച് 19 പേരെയും രംഗത്ത് ഇറക്കി. പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്തായതിനാൽ 21 പേരാണ് സഭയിലുണ്ടായിരുന്നത്. ഇതിൽ തൃപ്പൂണിത്തുറയിൽ കെ.ബാബു സ്വയം പിന്മാറുകയും, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കെതിരേ ഉയർന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ സീറ്റ് നിഷേധിക്കുകയും ചെയ്തു.
മുസ്‌ലിം ലീഗ് 15 പേരിൽ ഒമ്പത് പേർക്കാണ് അവസരം നൽകിയത്. പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ രംഗത്തിറക്കിയത്. യു.ഡി.എഫ് ആകെ 32 എം എൽ.എ മാരെയാണ് മത്സരിച്ചിച്ചത് . മൂന്ന് മണ്ഡലങ്ങളിൽ എം.എൽ.എമാർ തമ്മിലുള്ള പോരാട്ടമായതിനാൽ മത്സരിക്കുന്നവരിൽ മൂന്ന് പേർ പുതിയ സഭയിൽ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടുന്നത് കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്ററാണ്. പേരാവൂരിൽ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും മുൻമന്ത്രി കെ. കെ. ശെെലജ യും തമ്മിലായിരുന്നു മത്സരം. തിരൂരിൽ നിന്ന് മന്ത്രി ഒ അബ്‌ദുറഹ്മാനോ അതോ സിറ്റിങ് എം.എൽ.എ കുറുക്കോളി മൊയ്തീനോ എന്ന കാര്യത്തിലും ഇന്ന് തീർപ്പാകും.മണ്ഡലത്തിൽ സ്വാധീനം അരക്കിട്ടുറപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ വിജയ പ്രതീക്ഷയും ഒപ്പം എതിരാളികൾ ഉയർത്തുന്ന വെല്ലുവിളിയിൽ ആശങ്കയും എം.എൽ എമാർക്ക് ഉണ്ട്. ഇവരിൽ പതിനാറാം സഭയിൽ ആരെല്ലാം എത്തുമെന്ന് ഇന്ന് ഉച്ചയ്ക്ക് മുമ്പ് അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."