പെണ്‍കരുത്തിന്റെ വിധിദിനം: സംവരണമില്ലാതെയും ചരിത്രം കുറിക്കുമോ കേരളത്തിലെ വനിതകള്‍..?
നിയമസഭകളിലും പാര്‍ലമെന്റിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന നിയമം നിലവില്‍ വന്നതിനു ശേഷം കേരളം സാക്ഷ്യം വഹിക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. സംവരണം ചര്‍ച്ചയാകുമ്പോഴും പ്രായോഗിക തലത്തില്‍ മുന്നണികള്‍ വനിതകള്‍ക്ക് നല്‍കിയ പരിഗണനയില്‍ വലിയ വര്‍ധനവുണ്ടായിട്ടില്ല എന്നതാണ് വസ്തുത.
ആകെയുള്ള 140 സീറ്റുകളില്‍ പ്രധാന മൂന്ന് മുന്നണികളും ചേര്‍ന്ന് ആകെ 46 വനിതകളെ മാത്രമാണ് അങ്കത്തട്ടിലിറക്കിയത്. അതായത് ആകെ സ്ഥാനാര്‍ഥികളുടെ കേവലം 11 ശതമാനം മാത്രം. ഇതില്‍ 18 വനിതകളെ മത്സരിപ്പിച്ച ഇടത് മുന്നണിയാണ് (LDF) മുന്നില്‍. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ (NDA) 16 പേര്‍ക്കും യുഡിഎഫ് (UDF) 12 പേര്‍ക്കും അവസരം നല്‍കി.
ശ്രദ്ധാകേന്ദ്രമായി കോങ്ങാട്ടെ 'ത്രികോണ' പെണ്‍പോരാട്ടം
പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലമാണ് ഇത്തവണ വനിതാ പോരാട്ടത്തിന്റെ പേരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ മൂന്ന് മുന്നണികള്‍ക്കും വേണ്ടി ജനവിധി തേടുന്നത് വനിതകളാണ്. സിറ്റിങ് എംഎല്‍എ കെ. ശാന്തകുമാരി (LDF), കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ തുളസി (UDF), മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് (NDA) എന്നിവര്‍ നേര്‍ക്കുനേര്‍ വന്നതോടെ കോങ്ങാട് ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
കരുത്തുതെളിയിക്കാന്‍ പ്രമുഖര്‍
പേരാവൂരില്‍ മുന്‍ മന്ത്രി കെ.കെ ശൈലജയും യുഡിഎഫിന്റെ സണ്ണി ജോസഫും തമ്മിലുള്ള പോരാട്ടം ഏറെ വാശിയേറിയതാണ്. മന്ത്രിമാരായ വീണാ ജോര്‍ജ് (ആറന്മുള), ഡോ. ആര്‍. ബിന്ദു (ഇരിങ്ങാലക്കുട), ജെ. ചിഞ്ചുറാണി (ചടയമംഗലം) എന്നിവര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. കായംകുളത്ത് യു. പ്രതിഭയും അങ്കത്തിനിറങ്ങി.
സിപിഎമ്മിലെ വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ തളിപ്പറമ്പില്‍ പി.കെ ശ്യാമളയും കൊണ്ടോട്ടിയില്‍ പി. ജിജിയും ജനവിധി തേടുന്നു. പട്യത്തില്‍ വസന്തം (നാദാപുരം), പ്രീതി കൊഞ്ചത്ത് (കോട്ടയ്ക്കല്‍), ഗീതാ ഗോപി (നാട്ടിക), എം.ബി ഷൈനി (വൈപ്പിന്‍), അഡ്വ. പുഷ്പ ദാസ് (തൃക്കാക്കര), ദലീമ ജോജോ (അരൂര്‍), നിര്‍മ്മല ജിമ്മി (കടുത്തുരുത്തി), പ്രിജി കണ്ണന്‍ (അടൂര്‍), എം.എസ് താര (കരുനാഗപ്പള്ളി), ഒ.എസ് അംബിക (ആറ്റിങ്ങല്‍) എന്നിവരാണ് എല്‍ഡിഎഫിന്റെ മറ്റ് പ്രധാന വനിതാ സ്ഥാനാര്‍ഥികള്‍.
യുഡിഎഫിനായി ബിന്ദു കൃഷ്ണ (കൊല്ലം), അയിഷ പോറ്റി (കൊട്ടാരക്കര), രമ്യ ഹരിദാസ് (ചിറയിന്‍കീഴ്), ജയന്തി രാജന്‍ (കൂത്തുപറമ്പ്), ഉഷ വിജയന്‍ (മാനന്തവാടി), കെ.കെ രമ (വടകര), ഫാത്തിമ തഹിലിയ (പേരാമ്പ്ര), വിദ്യാ ബാലകൃഷ്ണന്‍ (എലത്തൂര്‍), ഉമ തോമസ് (തൃക്കാക്കര), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), അഡ്വ. മുത്താര രാജ് (മാവേലിക്കര) എന്നിവര്‍ അങ്കത്തിനിറങ്ങി.
എന്‍ഡിഎ നിരയില്‍ ശോഭ സുരേന്ദ്രന്‍ (പാലക്കാട്), പത്മജ വേണുഗോപാല്‍ (തൃശ്ശൂര്‍), മുന്‍ ഡിജിപി ആര്‍. ശ്രീലേഖ (വട്ടിയൂര്‍ക്കാവ്), നവ്യ ഹരിദാസ് (കോഴിക്കോട് നോര്‍ത്ത്), എം.എല്‍ അശ്വിനി (കാസര്‍കോട്), അശ്വതി ഗുപ്തകുമാര്‍ (മലപ്പുറം) തുടങ്ങിയവരുടെയും ഒരു നിര തന്നെയുണ്ട്.
സംവരണം ഇല്ലാതെയും കേരളത്തിന്റെ നിയമസഭയിലേക്ക് എത്ര വനിതകള്‍ എത്തും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
As Kerala awaits the 2026 election results, all eyes are on the 46 women candidates from major fronts who are testing their political mettle in the first assembly polls after the passage of the Women's Reservation Bill.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."