സ്റ്റാലിൻ വീണു, തമിഴകം വിജയ്‌ക്കൊപ്പം; കൊളത്തൂരിൽ മുഖ്യമന്ത്രിയെ അട്ടിമറിച്ച് പഴയ വിശ്വസ്തൻ
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകൾ തകർത്തെറിഞ്ഞ് തമിഴ്നാട്ടിൽ 'ദളപതി' യുഗം. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അപ്രതീക്ഷിത പരാജയവും നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കുതിപ്പും ഇന്ത്യൻ രാഷ്ട്രീയത്തെത്തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ കൊളത്തൂരിൽ വിജയ് പക്ഷത്തെ വി.എസ്. ബാബുവിനോടാണ് സ്റ്റാലിൻ അടിതെറ്റി വീണത്.
കൊളത്തൂരിലെ 'മധുരപ്രതികാരം'
2021-ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ തകർന്നടിഞ്ഞത്. സ്റ്റാലിനെ വീഴ്ത്തിയത് അദ്ദേഹത്തിന്റെ പഴയ വിശ്വസ്തനായ വി.എസ്. ബാബുവാണ് എന്നത് പരാജയത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു.
2011-ൽ സ്റ്റാലിൻ ആദ്യമായി കൊളത്തൂരിൽ മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു ബാബു. അന്ന് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ സ്റ്റാലിൻ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു.
ഡിഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്ന ബാബു, കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിലെത്തിയത്. തന്റെ പഴയ നേതാവിനെ നേരിട്ടുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തിക്കൊണ്ട് ബാബു ഇപ്പോൾ നിയമസഭയിലേക്ക് കരുത്തോടെ എത്തുന്നു.
തമിഴകത്ത് 'വിജയ് തരംഗം'
ആദ്യ അങ്കത്തിൽ തന്നെ തമിഴ്‌നാടിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കുകയാണ് വിജയ്. ആകെയുള്ള 234 സീറ്റുകളിൽ 108 സീറ്റുകളിലും ടിവികെ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
"പരമ്പരാഗത ദ്രാവിഡ കക്ഷികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും ഒരുപോലെ വിറപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ കടന്നുവരവ്. നഗരമേഖലകളിൽ ടിവികെ ഉറപ്പിച്ച വോട്ട് ബാങ്ക് ഡിഎംകെയുടെ അടിത്തറയിളക്കി."
അണ്ണാ അറിവാലയം വിജനമായി
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നിശബ്ദത പടർന്നു. രാവിലെ വിജയാഘോഷത്തിനായി പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും അഴിച്ചുമാറ്റുന്ന ദയനീയ കാഴ്ചയാണ് ചെന്നൈയിൽ കാണുന്നത്. 60 സീറ്റുകളിലേക്ക് ഡിഎംകെ ചുരുങ്ങിയപ്പോൾ, എഐഎഡിഎംകെ 65 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഭരണം പിടിക്കാനാവശ്യമായ ഭൂരിപക്ഷത്തിലേക്ക് ആർക്കും എത്താനായിട്ടില്ല.
മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടതോടെ ഭരണകക്ഷി ക്യാമ്പ് പൂർണ്ണമായും നിശ്ചലമായിരിക്കുകയാണ്. തമിഴ് മക്കൾ മാറ്റത്തിന് വോട്ട് ചെയ്തതോടെ, ചെന്നൈയുടെ തെരുവുകളിൽ ഇപ്പോൾ വിജയ് ആരാധകരുടെ ആവേശക്കടലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."