'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപിക്കെതിരെയും കേന്ദ്ര സേനയ്ക്കെതിരെയും ആഞ്ഞടിച്ച് മമത ബാനർജി. വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് സിആർപിഎഫ് ജവാന്മാർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയെന്നും മമത ആരോപിച്ചു.
'വയറ്റിൽ ചവിട്ടി, മോശമായി പെരുമാറി'
ഭബാനിപൂരിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചപ്പോഴുണ്ടായ അനുഭവമാണ് മമത വാർത്താസമ്മേളനത്തിൽ പങ്കുവെച്ചത്. "സിആർപിഎഫ് ഗുണ്ടകൾ എന്റെ വയറ്റിൽ ചവിട്ടുകയും പുറത്ത് തൊഴിക്കുകയും ചെയ്തു. സിസിടിവി ക്യാമറകൾ ഓഫാക്കിയ ശേഷമായിരുന്നു ഈ അക്രമം. ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ എന്നോട് മോശമായി പെരുമാറി," 71 കാരിയായ മമത പറഞ്ഞു. കേന്ദ്ര സേന ജവാന്മാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തോൽവി സമ്മതിക്കില്ല, രാജിയുമില്ല
തിരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചെങ്കിലും തോൽവി സമ്മതിക്കാൻ മമത തയ്യാറായില്ല.100 സീറ്റുകൾ ബിജെപി ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തതാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തിയെന്നും മമത ആരോപിച്ചു.
"ഞാൻ രാജ്ഭവനിലേക്ക് പോകില്ല, രാജിവെക്കില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ല," എന്നായിരുന്നു മമതയുടെ പ്രഖ്യാപനം.
ഭബാനിപൂരിലും വീണ് മമത
സ്വന്തം തട്ടകമായ ഭബാനിപൂരിൽ പോലും മമതയ്ക്ക് അടിപതറി. ഒരുകാലത്ത് തന്റെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് മമത ബാനർജി ഒരു ജനപ്രതിനിധി പോലുമല്ലാതെ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുന്നത്. ബംഗാൾ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."